അന്ധതയ്‌ക്കെതിരെ പോരാടാന്‍ വിമാനം കയറില്‍ കെട്ടി വലിച്ച് മത്സരം: കൗതുകകരമായ പരിപാടിയുമായി ഓര്‍ബിസ് 

By: 600002 On: Aug 22, 2022, 8:05 AM

 

വടംവലി മത്സരത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍ 'വിമാനം കയറില്‍ക്കെട്ടി വലിച്ചുകൊണ്ടുപോകുന്ന' കാര്യം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ കാല്‍ഗറി വിമാനത്താവളത്തിലെ ഫെഡ്എക്‌സ്(FedEx) റാംപിലെത്തിയാല്‍ ഇത് നേരിട്ട് കാണാം. അന്ധതയ്‌ക്കെതിരെ പോരാടുക എന്ന ലക്ഷ്യത്തോടെയാണ് വിമാനം വലിക്കല്‍ എന്ന കൗതുകകരമായ മത്സരം സംഘടിപ്പിക്കുന്നത്. ഇതിലൂടെ സ്വരൂപിക്കുന്ന പണം കാഴ്ചക്കുറവുള്ളവരുടെ ചികിത്സയ്ക്കും സഹായങ്ങള്‍ക്കുമായി നല്‍കുന്നു. 

ശനിയാഴ്ച രാവിലെ 11 മണി മുതലാണ് 'ഓര്‍ബിസ് പ്ലെയ്ന്‍ പുള്‍ ഫോര്‍ സൈറ്റ്' എന്ന പേരില്‍ മത്സരം ആരംഭിച്ചത്. 2019 ന് ശേഷം ആദ്യമായാണ് പരിപാടി കിക്ക്ഓഫ് ചെയ്യുന്നത്. 60 ടണ്‍ ഭാരമുള്ള ഫെഡ്എക്‌സ് 757 കാര്‍ഗോ വിമാനം വലിക്കാന്‍ 20 പേര്‍ അടങ്ങുന്ന ടീമുകളാണ് മത്സരത്തിനിറങ്ങുക. പരിപാടിയില്‍ നിന്നുള്ള വരുമാനം ഓര്‍ബിസ് കാനഡയിലേക്കാണ് പോകുന്നത്.  ഓരോ ടീമും ഇവന്റിനു മുമ്പ് 3,000 ഡോളര്‍ സമാഹരിക്കണം. 

1982 ലാണ് ഓര്‍ബിസ് സ്ഥാപിതമാകുന്നത്. ലക്ഷക്കണക്കിന് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ബയോമെഡിക്കല്‍ എഞ്ചിനിയര്‍മാര്‍, മറ്റ് മെഡിക്കല്‍ പ്രൊഫഷണലുകള്‍ തുടങ്ങിയവരുമായി ചേര്‍ന്ന് 92 ല്‍ അധികം രാജ്യങ്ങളില്‍ ഓര്‍ബിസ് പരീശലന പരിപാടികള്‍ നടത്തിയിട്ടുണ്ട്. ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍, ചൈന, വിയറ്റ്‌നാം, എത്യോപ്യ, ദക്ഷിണാഫ്രിക്ക, ഘാന, സാംബിയ, കാമറൂണ്‍, പെറു, മംഗോളിയ, ഇന്തോനേഷ്യ എന്നിവയുള്‍പ്പെടെ ലോകമെമ്പാടും നിലവില്‍ 60-ലധികം വ്യത്യസ്ത പ്രോജക്ടുകള്‍ക്കും ഓര്‍ബിസ് നേതൃത്വം നല്‍കുന്നുണ്ട്.