ടൊറന്റോയില്‍ 23കാരിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിക്കെതിരെ കാനഡയിലുടനീളം പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഡാനിയേല മല്ലിയ എന്ന യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി ഡിലോണ്‍ ഡൗമാനിനെതിരെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഓഗസ്റ്റ് 18 വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ നോര്‍ത്ത് യോര്‍ക്ക്, ജെയ്ന്‍ സ്ട്രീറ്റ് ഷെപ്പേഡ് അവന്യൂ വെസ്റ്റിലെ ഒരു അണ്ടര്‍ഗ്രൗണ്ട് ഗാരേജില്‍ വെച്ചാണ് ഡാനിയേല മല്ലിയയ്ക്ക് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഡാനിയേല സംഭവസ്ഥലത്ത് തന്നെ മരിച്ചു. നഗരത്തില്‍ ഈ വര്‍ഷം കൊലചെയ്യപ്പെടുന്ന 42ാമത്തെ വ്യക്തിയാണ് മല്ലിയ.
ആറടി-രണ്ട് ഇഞ്ച് ഉയരമുള്ള പ്രതി ഡൗമാന് ഇരുണ്ട മുടിയും ഇരുണ്ട നിറവും മീശയും താടിയും ഉണ്ടെന്നു പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഡൗമാന്‍ ഇടത് കൈത്തണ്ടയില്‍ 'ഗുട്ട മ്യൂസിക്' എന്ന് പച്ചകുത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. പ്രതി ആയുധധാരിയും അപകടകാരിയുമാണെന്ന് പോലീസ് വ്യക്തമാക്കി.
ഡൗമാനെ കണ്ടെത്തുന്നവര്‍ അല്ലെങ്കില്‍ വെടിവയ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുന്നവര്‍ 416-808-7400 എന്ന നമ്പറിലോ ക്രൈം സ്റ്റോപ്പേഴ്സിലോ ബന്ധപ്പെടണമെന്ന് പോലീസ് ആവശ്യപ്പെട്ടു.