വൈകല്യത്തെ തോല്‍പ്പിച്ച് ഗ്രേറ്റ് ലേക്ക്‌സ് മുറിച്ചുകടന്നു: ചരിത്രം സൃഷ്ടിച്ച് മൈക്ക് ഷോര്‍മാന്‍ 

By: 600002 On: Aug 22, 2022, 7:05 AM

 


തന്റെ വൈകല്യങ്ങളെ തോല്‍പ്പിച്ച് ലേക്ക് സുപ്പീരിയര്‍, ലേക്ക് മിഷിഗണ്‍, ലേക്ക് ഹുറോണ്‍, ലേക്ക് എറീ, ലേക്ക് ഒന്റാരിയോ എന്നീ അഞ്ച് തടാകങ്ങളിലൂടെ(ഗ്രേറ്റ് ലേക്ക്‌സ്) പാഡില്‍പബോര്‍ഡില്‍ സഞ്ചരിച്ച് അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് ടൊറന്റോ സ്വദേശിയായ മൈക്ക് ഷോര്‍മാന്‍. ഇതാദ്യമായാണ് വൈകല്യമുള്ളൊരാള്‍ ഗ്രേറ്റ് ലേക്ക്‌സിലൂടെയുള്ള യാത്ര പൂര്‍ത്തീകരിക്കുന്നതെന്ന് ഷോര്‍മാനും സംഘവും പറയുന്നു. 1988 ലാണ് ഒരാള്‍ ഗ്രേറ്റ് ലേക്ക്‌സ് മുറിച്ച് കടന്നത്. 

ഷോര്‍മാന്റെ ഈ വിജയത്തില്‍ അതീവ സന്തോഷത്തിലാണ് അമ്മയും അച്ഛനും സുഹൃത്തുക്കളുമെല്ലാം. അഞ്ച് തടാകങ്ങളും മുറിച്ചുകടക്കാനായതില്‍ സന്തോഷിക്കുന്നുവെന്ന് ഷോര്‍മാന്‍ പറഞ്ഞു. മെയ് മാസത്തില്‍ ലേക്ക് എറിയില്‍ നിന്നാണ് ഷോര്‍മാന്‍ സാഹസിക യാത്ര ആരംഭിച്ചത്. പിന്നീട് ലേക്ക് ഹുറോണ്‍, ലേക്ക് സുപ്പീരിയര്‍, ലേക്ക് മിഷിഗണ്‍ എന്നിവയിലൂടെ കടന്ന് ലേക്ക് ഒന്റാരിയോയില്‍ യാത്ര അവസാനിപ്പിച്ചു. 

2018 ല്‍ ഷോര്‍മാന് റാംസെ ഹണ്ട് സിന്‍ഡ്രോം(ramsay hunt syndrome) എന്ന അപൂര്‍വ്വരോഗം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. മുഖത്തിനുണ്ടാകുന്ന തളര്‍ച്ചയാണ് റാംസെ ഹണ്ട് സിന്‍ഡ്രോം. നാഡീവ്യൂഹങ്ങളെ ബാധിക്കുന്ന രോഗമാണിത്. ഷോര്‍മാന്റെ ജീവിതത്തെ ഈ രോഗം വല്ലാതെ തളര്‍ത്തി. അദ്ദേഹത്തിന്റെ കാഴ്ചയെയും സംസാരത്തെയും സാരമായി ബാധിച്ചു. രോഗം കാരണം അദ്ദേഹത്തിന് പാഡില്‍ബോര്‍ഡിംഗ് ബിസിനസ് നിര്‍ത്തേണ്ടി വന്നു. രോഗ നിര്‍ണയത്തിനു ശേഷം വളരെയധികം മാനസികപ്രശ്‌നങ്ങള്‍ തനിക്ക് അഭിമുഖീകരിക്കേണ്ടി വന്നുവെന്ന് ഷോര്‍മാന്‍ പറയുന്നു. ആ സമയത്ത് ഒരുപാട് പേര്‍ തന്നെ സഹായിക്കാനും പിന്തുണയ്ക്കുവാനും അരികില്‍ ഉണ്ടായിരുന്നു. അവര്‍ക്ക് എന്തെങ്കിലും നല്ലത് തിരിച്ചുകൊടുക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് ഗ്രേറ്റ് ലേക്ക്‌സ് ക്രോസ് ചെയ്യുക എന്ന ആശയം ഉണ്ടായതെന്ന് ഷോര്‍മാന്‍ പറഞ്ഞു. 

തന്റെ ആഗ്രഹം സഫലമാക്കാന്‍ ഷോര്‍മാന്‍ നാഷണല്‍ യൂത്ത് മെന്റല്‍ ഹെല്‍ത്ത് ഓര്‍ഗനൈസേഷനായ Jack.org  യുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു. ഒന്റാരിയോയിലെ പ്രദേശങ്ങളിലുടനീളവും സ്‌കൂളുകള്‍, സര്‍വ്വകലാശാലകള്‍ എന്നിവടങ്ങളിലും കേന്ദ്രീകരിച്ച് ,സംഘടന നടത്തുന്ന മാനസികാരോഗ്യ പരിപാടികളും സേവനങ്ങളും ലഭ്യമാക്കാന്‍ സഹായിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഷോര്‍മാന്‍ പറഞ്ഞു. ഇതുവരെ, ഷോര്‍മാനും സംഘവും സംഘടനയ്ക്ക് വേണ്ടി ഏകദേശം 64,000 ഡോളര്‍ സമാഹരിച്ചിട്ടുണ്ട്.