സേവനങ്ങൾ കാര്യക്ഷമമാക്കാനുള്ള ലക്ഷ്യത്തോടെ,സ്റ്റേഷനുകളിൽ ചെറിയ ക്രാഷുകൾ റിപ്പോർട്ട് ചെയ്യുന്നതും, സംഭവ സ്ഥലത്തേയ്ക്ക് പോലീസിനെ വിളിക്കുന്നത് ഒഴിവാക്കുവാനുമായി എഡ്‌മന്റണിൽ പുതിയ ക്രാഷ് റിപ്പോർട്ടിങ് കേന്ദ്രങ്ങൾ വരുന്നു. 15750 116 Ave., 5805 87A St. എന്നിവിടങ്ങളിലാണ് പുതിയ ക്രാഷ് റിപ്പോർട്ടിങ് ഓഫീസുകൾ സെപ്തംബർ അവസാനത്തോടെ തുറക്കുവാൻ ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്. പ്രതിവർഷം ഏകദേശം 34,000 ക്രാഷുകൾ പോലീസ് ഉദ്യോഗസ്ഥർ പ്രോസസ്സ് ചെയ്യുന്നതെന്നും, പുതിയ ക്രാഷ് റിപ്പോർട്ടിങ് കേന്ദ്രങ്ങൾ തുറക്കുന്നതോടെ പോലീസ് ഉദ്യോഗസ്ഥർക്ക് മറ്റ് പ്രധാന സേവനങ്ങൾ നൽകുവാൻ സാധിക്കുമെന്നും എഡ്‌മന്റൺ പോലീസ് സർവീസ് ന്യൂസ് റിലീസിൽ അറിയിച്ചു.
ഗ്രാൻഡ് പ്രയറിയിലും മെഡിസിൻ ഹാറ്റിലും ഉൾപ്പെടെ, കാനഡയിലുടനീളം 41 കേന്ദ്രങ്ങളുള്ള ആക്‌സിഡന്റ് സപ്പോർട്ട് സർവീസസ് ഇന്റർനാഷണൽ ലിമിറ്റഡ് (ASSI) എന്ന കമ്പനിയാണ് പോലീസിനും ഇൻഷുറൻസ് ദാതാക്കൾക്കുമിടയിൽ ഒരു ഇടനിലക്കാരനായി പ്രവർത്തിച്ചുകൊണ്ട് ക്രാഷ് റിപ്പോർട്ടിങ് കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കുക. ചെറിയ ക്രാഷുകൾ നടന്നാൽ 24 മണിക്കൂറിനുള്ളിൽ ക്രാഷ് റിപ്പോർട്ടിങ് കേന്ദ്രങ്ങളിൽ ഡ്രൈവർമാർ റിപ്പോർട്ട് ചെയ്യേണ്ടതാണ്. ഗുരുതരമായ അപകടങ്ങൾ,മാരകമോ ക്രിമിനൽ ഘടകമോ ഉൾപ്പെടുന്നവ, അല്ലെങ്കിൽ ഇ.എം.എസ് സേവനം ആവശ്യമുള്ള അപകടങ്ങളിൽ ഉൾപ്പെടുന്നവർ 911-ലേക്ക് വിളിക്കേണ്ടതാണ്.