ഐഫോൺ, ഐപാഡ്, മാക് എന്നീ ആപ്പിൾ ഉപകരണങ്ങളിലെ ഗുരുതര സുരക്ഷാ പിഴവ് മുന്നറിയിപ്പ് നൽകി ആപ്പിൾ. സുരക്ഷാ പിഴവ് മൂലം ഹാക്കർമാർക്ക് ഉപകരണത്തിന്റെ "പൂർണ്ണ അഡ്മിൻ ആക്‌സസ്" വരെ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. സുരക്ഷാപിഴവിനെക്കുറിച്ചുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും, ഉപഭോക്താക്കളുടെ സംരക്ഷണത്തിനായി, പാച്ചുകളോ റിലീസുകളോ ലഭ്യമാകുന്നതുവരെ സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുകയോ ചർച്ച ചെയ്യുകയോ സ്ഥിരീകരിക്കുകയോ ചെയ്യില്ല എന്ന് ആപ്പിൾ കമ്പനി വെബ്സൈറ്റിൽ പറയുന്നു.
ഐഫോൺ 6S ഉം അതിന് പിന്നീടുള്ള മോഡലുകളും ഫിഫ്ത് ജെനെറേഷൻ ഉൾപ്പെടെയുള്ള ഐപാഡിന്റെ നിരവധി മോഡലുകൾ, മാക് കംപ്യൂട്ടറുകൾ എന്നിവയെയെല്ലാം സുരക്ഷാ പിഴവ് ബാധിച്ചേക്കാമെന്നും ഇത്തരത്തിലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നവർ ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യുവാനും ടെക്ക് വിദഗ്ധർ നിർദേശിക്കുന്നു.