എബ്രഹാം ജോർജ് എഴുതുന്ന തുടർക്കഥ. 'ന്യൂജെൻ മാര്യേജ്' ഭാഗം 1.

By: 600009 On: Aug 20, 2022, 4:43 PM

അബ്രഹാം ജോർജ്, ചിക്കാഗോ.

നാട്ടിൻ പ്രദേശത്തു നിന്നും, ബാഗ്ലൂർ നഗരത്തിലേക്ക് കടന്നിട്ട് വർഷം പലത് കഴിഞ്ഞിരിക്കുന്നു. പലവട്ടം ആലോചിച്ച് ഉറപ്പിച്ചിട്ടാണ് അങ്ങോട്ടുള്ള യാത്ര. തൊഴിലില്ലാഴ്മ രൂക്ഷമായ കാലഘട്ടം. കേരളത്തിലാണങ്കിലോ, എവിടെയും തൊഴിലാളി സമരവും. ഉള്ള കമ്പനികൾ അടച്ചു പൂട്ടിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. നാട്ടിൽ നിന്നിട്ട് ഒരു കാര്യവും ഇല്ലായെന്ന് മനസ്സിലായി. ടെക്നോളജി ഡവലപ്പ് ചെയ്തു കൊണ്ടിരിക്കുന്ന സമയം. കൂട്ടുകാരിൽ നിന്നുമുള്ള അറിവ് വെച്ചാണ് ബാഗ്ലൂർ കെ.ആർ പുരത്ത് എത്തിച്ചേർന്നത്. പിന്നീട് അങ്ങോട്ട് തൊഴിലിനു വേണ്ടിയുള്ള അന്വേഷണമായിരുന്നു. തോടും പുഴയും മാവും പ്ലാവും നാടൻ വഴികളും കുന്നുകളും മലകളും നിറഞ്ഞു കിടക്കുന്ന കേരളക്കരയിലെ നാട്ടിൻ പുറത്തു നിന്നാണെൻ്റെ യാത്ര. വൈദ്യുതിയെത്തി നോക്കാത്തിയിടം. രാത്രിയായാൽ പറമ്പിൽ മിന്നാമിനുങ്ങിൻ്റെ പ്രകാശമല്ലാതെ മറ്റൊന്നും കാണാനില്ല, അവിടവിടെയായി കിടക്കുന്ന വീടുകളിൽ നിന്നു കാണുന്ന മണ്ണെണ്ണ വിളക്കിൻ്റെ പ്രകാശം മാത്രം. മൂന്നു സെല്ല് എവറെഡി ടോർച്ചിൻ്റെ പ്രകാശത്തിൽ, നാട്ടുവഴിയിലൂടെ നടന്നുപോകുന്നവരെ മിന്നായം പോലെ കാണാം. തൃശ്ശൂരിനപ്പുറം കണ്ണാറയെന്ന ഗ്രാമപ്രദേശം. കണ്ണാറയിൽ നിന്നും നേരെ പോയാൽ പീച്ചി ഡാമിലെത്താം. മലകളുടെ നാട്.

ബാഗ്ലൂരിലെ തിരക്കെന്നെ അതിശയപ്പെടുത്തി. ആ തിരക്കിനിടയിൽ ഒരാഴ്ച അലഞ്ഞു നടന്നു. കുടുസ്സുമുറിയിൽ താമസം. അവിടെ വെച്ച് മലയാളികളായ പലരേയും പരിചയപ്പെട്ടു. പല കമ്പനി ഇൻ്റർവ്യൂകളിലും പങ്കെടുത്തു. ടെക്നോളജിലുള്ള തൻ്റെ അറിവ് പരിമിതമാണന്ന് അപ്പോളാണ് മനസ്സിലായത്. സ്വയം പഠനം തുടർന്നു. അവസാനം ഒരു സാദാ കമ്പനിയിൽ (ഐ.ടി.യിൽ) പ്രോഗ്രാമറായി കടന്നു കൂടി. ഒരു വർഷം അവിടെ ജോലി ചെയ്തതിനു ശേഷമാണ് മറ്റൊരു കമ്പനിയിലേക്ക് കടന്നു കൂടിയത്. അവിടെ നിന്നും പിന്നെയും പല കമ്പനികൾ മാറി, ഒരു മൾട്ടിനാഷണൽ കമ്പനിയിൽ മാനേജർ ആയി തീരുന്നവരെയുള്ള എൻ്റെ വിചിത്രമായ യാത്ര.

സാധാരണ കുടുംബത്തിൽ പെട്ട ഞാനെങ്ങനെയാണ് എൻജിനീയറിംഗ് ബിരുദം എടുത്തതെന്ന്, ഇന്നും എന്നെ അത്ഭുതപ്പെടുത്തുന്നു. കേരളത്തിൽ ഗവർണ്മേൻ്റ് എൻജിനീയറിംഗ് കോളെജുകൾ മാത്രമുള്ള കാലം. ഭാഗ്യത്തിനാണ് തിരുവനന്തപുരം എൻജിനീയറിംഗ് കോളെജിൽ അഡ്മിഷൻ കിട്ടിയത്. കോളെജ് ജീവിതം അരപട്ടിണിയിലാണെങ്കിലും സന്തോഷ പ്രദമായിരുന്നു. ഹോസ്റ്റൽ കാൻ്റീനിലെ പണമടവ് പലപ്പോളും മുടങ്ങുമ്പോൾ സഹകൂട്ടുകാരുടെ സഹായത്തിലാണ് കഴിഞ്ഞ് പോയിരുന്നത്. ചിലപ്പോൾ അറുപട്ടിണിയിലും ജീവിച്ചിട്ടുണ്ട്. അതൊരു പ്രശ്നമായിരുന്നില്ല, ധാരാളം വെള്ളം കുടിച്ച് വയറ് നിറക്കും.

ആ ശീലം, എൻ്റെ ബാഗ്ലൂർ ജീവതത്തിൽ ഉപയോഗപ്രദമായിട്ടുണ്ട്. കോളെജിൽ വെച്ച് കിട്ടിയ കൂട്ടുകാരിൽ നിന്നുമാണ് ബാഗ്ലുരിനെക്കുറിച്ചറിയുന്നതും, അവിടെ ധാരാളം ഐ .ടി .കമ്പനികളുണ്ടെന്നുള്ള അറിവ് കിട്ടുന്നതും. വിദ്യാഭ്യാസം പൂർത്തിയാക്കി ബാഗ്ലൂർക്ക് വിടണമെന്ന ചിന്തയെന്നെ അന്നു മുതൽ അലട്ടികൊണ്ടിരുന്നു. നല്ലപോലെ പഠിച്ച് വിദ്യാഭ്യാസം പൂർത്തീകരിക്കുക അതായിരുന്നു ലക്ഷ്യം.

ആ കാലത്ത് മുളച്ച പ്രണയത്തിന് വേരോടിയില്ലായെന്നതാണ് സത്യം. അതൊരു സമ്പന്ന കുടുംബത്തിലെ എക്സ് എം എൽ എ യുടെ മകൾ, ആനി ലോനപ്പൻ. അവളെ വിവാഹം കഴിക്കാൻ സാധിച്ചാൽ തൻ്റെ ദാരിദ്രം തീരുമെന്നു വരെ ചിന്തിച്ചു. ചിന്ത അസ്ഥാനത്തായി പോയി. അവരോടൊപ്പം ചേർന്ന് നടക്കാനുള്ള യോഗ്യതയില്ലായെന്ന് മനസ്സിന് തോന്നി. ഒരു ജോഡി ഡ്രസ്സു മാത്രമുള്ളയെനിക്ക് എങ്ങനെ ഷൈൻ ചെയ്യാൻ കഴിയും. കോളെജിലെ അതിസുന്ദരിമാരുടെ പട്ടികയിൽ അവളും ഉണ്ടായിരുന്നു. അവളെ വട്ടമിട്ട് നടക്കുന്ന പൂവാലന്മാർ ധാരാളം, ആർക്കും അവൾ പിടികൊടുത്തില്ല. അവളെക്കുറിച്ച് ഓർത്ത് പല രാത്രികൾ എൻ്റെ ഉറക്കം കെടുത്തിയിട്ടുണ്ട്. സിനിമാ കഥപോലെ ധനികയായ പെൺകുട്ടി ദരിദ്രനായ ആൺകുട്ടിയെ പ്രണയിക്കുന്നതായി സ്വപ്നം കണ്ടിട്ടുണ്ട്. ശ്രമിച്ചിരുന്നെങ്കിൽ അവൾ എൻ്റെ വരുതിയിൽ വരുമായിരുന്നുയെന്ന്, അന്ന് പലപ്പോളും തോന്നി. പക്ഷെ അതിനുള്ള ധൈര്യമില്ലാതെ പോയതാണ് കാരണം.

ഇപ്പോളത് പറയാനുള്ള കാരണം, ഞാൻ ജോലി തേടി ബാഗ്ലൂരിൽ ആദ്യമെത്തിയത് ആനി ലോനപ്പൻ്റെ സഹോദരൻ ബെന്നി ലോനപ്പൻ നടത്തുന്ന സോഫ്റ്റ് വെയർ കമ്പനിയിലാണ്. സാദാ ശമ്പളത്തിൽ ബാഗ്ലൂർ പട്ടണത്തിൽ ജീവിച്ച് പോകുക, ബുദ്ധിമുട്ടായതു കൊണ്ടാണ് പിന്നീട് കമ്പനി മാറേണ്ടി വന്നത്. അല്ലെങ്കിലും കമ്പനികൾ മാറി മാറി പോകുകയെന്നത് ഐ.ടി കമ്പനികളിൽ സാധാരണ സംഭവമാണ്. അത് എല്ലാവരുടെയും ശീലമാണ്. മെച്ചപ്പെട്ടവരുമാനത്തിനുള്ള പരക്കം പാച്ചിലാണ് അതൊക്കെ. ആ കൂട്ടത്തിലായിരുന്നു ഞാനും.

ഞാൻ ആദ്യ കമ്പനിയിൽ നിന്നും മാറി കോഗ്നിസെൻ്റിൽ ഐ റ്റി പ്രഫഷനലായി ജോലി നോക്കുന്ന നാളിൽ അവിചാരിതമായി, ബാഗ്ലൂരിൽ വെച്ച് ആനി ലോനപ്പനെ കണ്ടുമുട്ടി, പഴയ കോളേജ് ബ്യൂട്ടിയെ, എല്ലാവരും കോളെജിൽ വെച്ച് പാടി പുകഴ്ത്തിയ സുന്ദരിയെ. എനിക്ക് അത്ഭുതം തോന്നിയത് മറ്റൊന്നും കൊണ്ടല്ല, ഒരു ബാറിൽ വെച്ച് അവളെ കണ്ടതുകൊണ്ടാണ്. അവൾ അവിടെയെത്തിയത് മൂന്നു പേരുകൂടിയാണ്.  എന്നെ കണ്ടയുടനെ ഒരു ബിയർ കുപ്പിയുമായി എൻ്റെ അരികിലേക്ക് വന്നു. സ്ത്രീകൾ വീക്കെൻ്റിൽ അവിടെ വന്ന് ബിയർ കുടിക്കുകയെന്നതു സാധാരണ സംഭവമായതുകൊണ്ട്, ആർക്കും അത് അത്ര പ്രത്യേകതയായി തോന്നിയില്ല. സദാചാര പോലീസിൻ്റെ ശല്യം ഒഴിച്ചാൽ, സ്ത്രീകൾ അവിടെ സ്വതന്ത്രരാണ്. അവൾ എൻ്റെ അടുത്തു വന്നിരുന്നു.

അവൾ തുടർന്നു " കോളെജിൽ നിന്നും പിരിഞ്ഞതിനു ശേഷം ആദ്യമായാണ് ജോർജിനെ കാണുന്നത്, അതും ബാഗ്ലൂർ വെച്ച്. വർഷം അഞ്ചു കഴിഞ്ഞെങ്കിലും കണ്ടപ്പോൾ തന്നെ എനിക്കാളെ മനസ്സിലായി. എന്താ, ജോർജിന് എന്നെ മനസ്സിലായില്ലായെന്നുണ്ടോ..? "അവൾ കുസൃതിയോടെ ചോദിച്ചു.

" ഞാനെങ്ങനെ ആനി ലോനപ്പനെ മറക്കും. കുറെ നാൾ നിൻ്റെ പിറകെ നടന്നതല്ലേ? നിന്നോട് അന്നെനിക്ക് ആരാധനയായിരുന്നു. പിന്നെ, എൻ്റെ അവസ്ഥവെച്ച് നോക്കുമ്പോൾ ധനികരായ നിങ്ങളെപ്പോലുള്ളവരുമായി ഉള്ള അടുപ്പം അത്ര ശരിയാവില്ലായെന്ന് തോന്നി. എങ്ങനെയെങ്കിലും ഒരു തൊഴിൽ തേടുകയെന്നതായിരുന്നു എൻ്റെ ലക്ഷ്യം. സമ്പന്നരായ നിങ്ങളുടെയൊക്കെ പിന്നാലെ നടന്നാൽ ജീവിതം കുട്ടിച്ചോറാകുമെന്ന് കരുതി. അതാണ് പിന്നീട് അതെല്ലാം നിർത്തിവെച്ചത്."

"അതിന്, അന്ന് നീ സത്യം തുറന്ന് പറഞ്ഞില്ലല്ലോ..? പറഞ്ഞിരുന്നെങ്കിൽ നിന്നെ ഞാൻ പ്രണയിച്ചു പോയേനെ. നിൻ്റെ നാവിൽ നിന്ന് ഒരു വാക്ക് കേൾക്കാൻ കൊതിച്ച നാളുകളുണ്ട്. നിന്നെ എനിക്ക് വളരെയിഷ്ടമായിരുന്നു. പ്രണയത്തിന് ധനികരന്നോ ദരിദ്രനെന്നോയുണ്ടോ ജോർജേ...?" അവൾ നിസ്സാരമട്ടിൽ പറഞ്ഞു.

"എനിക്കതിന് കഴിയുമായിരുന്നില്ല. എന്തോ ഒരു തരം വിഭ്രാന്തി, അക്കാലത്ത് എന്നെ അലട്ടിയിരുന്നു. ഒരുതരം വിറയൽ. മറ്റുള്ളവരിൽ നിന്നും ചെറുതാണന്ന തോന്നലായിരിക്കും അതിന് കാരണമെന്ന് തോന്നുന്നു. പിന്നെ ഞാൻ അന്നന്ന് കഴിഞ്ഞിരുന്നത് പലരുടെയും ഔദാരത്തിലാണ്." ഞാൻ പറഞ്ഞു.

"അതൊക്കെ വിട്ടുകള ജോർജേ.., ഇപ്പോൾ എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്. അത് ഇവിടെ വെച്ച് വേണ്ട, ഞാൻ നിൻ്റെ ഫ്ലാറ്റിലേക്ക് വരാം.. നീ എവിടെയാണ് താമസിക്കുന്നതെന്ന് വ്യക്തമായി പറഞ്ഞു തന്നാൽ മതി. " ആനി ലോനപ്പൻ പറഞ്ഞു.

"എന്തിനാ ആനി, വളച്ച് കെട്ടില്ലാതെ കാര്യം പറയൂ. അല്ലെങ്കിൽ വേണ്ട, നീയും ഭർത്താവ് ജേക്കബും കൂടി നാളെ തന്നെ ഫ്ലാറ്റിലേക്ക് വരൂ.  സമയം പറഞ്ഞാൽ മതി, ഞാൻ കാത്തിരിക്കാം. "

"അതിന് ജേക്കബ് എൻ്റെ ഭർത്താവാണന്ന് നീയെങ്ങനെ അറിഞ്ഞു. " അവൾ ചോദിച്ചു.

"സമ്പന്നരുടെ കാര്യം അറിയാൻ പ്രത്യേകമായ മൂളവേണമെന്നില്ല. വാർത്ത വീട്ടുമുറ്റത്ത് എത്തിക്കോളും, അതാണ് അതിൻ്റെയൊരു രീതി." ഞാൻ പറഞ്ഞു.

"അതിന് ഞാനും ജേക്കബും തമ്മിലിപ്പോളൊരു ബന്ധവുമില്ല. ഞങ്ങൾ ഡിവോഴ്സ് ആയി. പൊരുത്തപ്പെട്ട് പോകാനാവുന്നില്ല. അയാൾക്ക് അയാളുടെ വഴി, എനിക്ക് എൻ്റെ വഴി, അത്രേയുള്ളൂ." അവൾ പറഞ്ഞു.

"അതിനാണോ നീ ബാറിൽ വന്ന് മദ്യം കഴിക്കുന്നത്. സ്ത്രീകൾ സാധാരണയായി ബാറിൽ വന്ന് മദ്യം കഴിക്കാറില്ല. നമ്മളുടെ സംസ്ക്കാരത്തിന് പറ്റിയതാണോയിത്. എന്തായാലും നിൻ്റെ കൂട്ടുകാരികളൊത്ത് നാളെ നീ, എൻ്റെ ഫ്ലാറ്റിലേക്ക് വാ.. ഞാൻ കാത്തിരിക്കാം. സമയം കൃത്യമായി പറയണം."

"ഇത് കൂട്ടുകാരികളൊത്ത് പറയേണ്ട കാര്യമല്ല ജോർജേ .. നാളെ ഞാൻ ഒറ്റക്ക് വരാം. എന്താ ജോർജിന് പ്രയാസമുണ്ടോ?"

"എനിക്കെന്ത് പ്രയാസം, പക്ഷെ വരുന്ന സമയം പറയണം" ഞാൻ പറഞ്ഞു.

"നാളെ വൈകുന്നേരം ഞാനവിടെ എത്തിയിരിക്കും. നിനക്ക് ബുദ്ധിമുട്ടൊന്നുമില്ലല്ലോ..?"

അയാൾ മനസ്സില്ലാ മനസ്സോടെ സമ്മതം മൂളി.

----തുടരും-------