ബീസി ഗ്യാസ് സ്റ്റേഷനിലെ ഓപ്പണ്‍ എടിഎമ്മില്‍ ചോപ്പ് സോ ഉപയോഗിച്ച് മോഷണം: പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി 

By: 600002 On: Aug 20, 2022, 12:01 PM


ബീസിയില്‍ ഗ്യാസ് സ്‌റ്റേഷനിലെ ഓപ്പണ്‍ എടിഎമ്മില്‍ മൂന്നംഗ സംഘം ചോപ്പ് സോ(chop saw)  ഉപയോഗിച്ച് മോഷണം നടത്തി. വ്യാഴാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് സംഭവം. സംഘത്തെ ക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും ഇവരെ കണ്ടെത്തുവാന്‍ ജനങ്ങളുടെ സഹായം ആവശ്യമാണെന്നും മിഷന്‍ ആര്‍സിഎംപി അറിയിച്ചു. 

ലൗഹീഡ് ഹൈവേയുടെ 34900 ബ്ലോക്കിലെ കോ-ഓപ് ഗ്യാസ് ബാറിലാണ് മോഷണം നടന്നത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ നിന്നും സ്‌റ്റോറിന്റെ പിന്‍ഭാഗത്തുള്ള എടിഎമ്മില്‍ നിന്നും തീപ്പൊരികള്‍ പറക്കുന്നത് കാണാം. ചോപ്പ് സോ ഉപയോഗിച്ചാണ് എടിഎം മുറിക്കുന്നതെന്ന് വ്യക്തമാണ്. മോഷണത്തിനുപയോഗിച്ചതെന്നു കരുതുന്ന ഉപകരണങ്ങളുമായി മൂന്ന് പ്രതികളും അവിടെ നിന്നും രക്ഷപ്പെടുന്നതും കാണാം. എന്നാല്‍ മൂന്ന് പേരുടെയും മുഖം അവ്യക്തമാണ്. 

എത്ര തുക സംഘം മോഷ്ടിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. മോഷണം സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 2022-9530 എന്ന നമ്പറില്‍ മിഷന്‍ ആര്‍സിഎംപിയുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.