സാമ്പത്തിക ക്രമക്കേടുകള്‍ നടത്തി: ചൈനീസ് വംശജനായ കനേഡിയന്‍ വ്യവസായിക്ക് 13 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് ചൈന 

By: 600002 On: Aug 20, 2022, 10:31 AM

 

സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതിന് ചൈനീസ് വംശജനായ കനേഡിയന്‍ വ്യവസായിക്ക് ചൈന 13 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ടുമാറോ ഗ്രൂപ്പ് സ്ഥാപകനും വന്‍കിട വ്യവസായിയുമായ സിയാവോ ജിയാന്‍ഹുവയെയാണ് സാമ്പത്തിക കുറ്റകൃത്യം ചുമത്തി ജയിലില്‍ അടച്ചത്. കൂടാതെ സിയാവോയ്ക്ക് 6.5 മില്യണ്‍ യുവാനും( 950,000 ഡോളര്‍) അദ്ദേഹത്തിന്റെ കമ്പനിക്ക് 55 ബില്യണ്‍ യുവാനും (8.1 ബില്യണ്‍ ഡോളര്‍) പിഴ ചുമത്തിയിട്ടുണ്ട്. 

ടുമാറോ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ബാങ്കുകളില്‍ നിന്നും ഇന്‍ഷുറന്മാരില്‍ നിന്നും കോടിക്കണക്കിന് ഡോളര്‍ നിക്ഷേപം ദുരുപയോഗം ചെയ്യുകയും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്യുകയും ചെയ്തതിനാണ് സിയാവോ ശിക്ഷിക്കപ്പെട്ടതെന്ന് ഷാങ്ഹായി നമ്പര്‍ 1 ഇന്റര്‍മീഡിയേറ്റ് പീപ്പിള്‍സ് കോടതി അറിയിച്ചു.  

കുറ്റകൃത്യം തെളിയിക്കപ്പെട്ടതിനെ തുടര്‍ന്ന് 2017 ജനുവരിയില്‍ ഹോങ്കോങ്ങിലെ ഒരു ഹോട്ടലില്‍ വെച്ചാണ് സിയാവോയെ അവസാനമായി കണ്ടത്. ചൈനീസ് ഉദ്യോഗസ്ഥര്‍ രാജ്യത്തേക്ക് കൊണ്ടുപോയി എന്നാണ് കരുതിയത്. അഴിമതി വിരുദ്ധ അതോറിറ്റി കുറ്റകൃത്യം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ചോദ്യംചെയ്യലുകള്‍ നടത്തുകയാണെന്ന് പിന്നീട് വാര്‍ത്തകള്‍ പുറത്തുവന്നു. എന്നാല്‍ പിന്നീട് വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. 

അതേസമയം, ജൂലൈ 5ന് നടന്ന സിയാവോയുടെ വിചാരണയില്‍ പങ്കെടുക്കുന്നതില്‍ നിന്നും നയതന്ത്രജ്ഞരെ ചൈന തടഞ്ഞതായി ഫെഡറല്‍ ഗവണ്‍മെന്റ് അറിയിച്ചു. 

പൊതുജനങ്ങളില്‍ നിന്ന് 311.6 ബില്യണ്‍ യുവാന്‍ (46 ബില്യണ്‍ ഡോളര്‍) അനധികൃതമായി കൈപ്പറ്റിയതിനും 148.6 ബില്യണ്‍ യുവാന്‍ (21.8 ബില്യണ്‍ ഡോളര്‍) സ്വത്തും പണവും ദുരുപയോഗം ചെയ്തതിനും സിയാവോയും ടുമാറോ ഗ്രൂപ്പും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.