അഞ്ച് വയസിനും പതിനൊന്ന് വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായി ഫൈസര്‍- ബയോഎന്‍ടെക് വാക്സിന് ബൂസ്റ്റര്‍ ഡോസ് നല്കാന് ഹെല്‍ത്ത് കാനഡ അനുമതി നല്‍കിയതായി ചീഫ് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ ഡോ. തേരേസ ടാം അറിയിച്ചു. 10mcg ബൂസ്റ്റര്‍ ഡോസുകള്‍ അനുവദിച്ചിട്ടുണ്ടെന്നും വാക്സിനേഷനുള്ള ദേശീയ ഉപദേശക സമിതി(NACI) അതിന്റെ ഉപയോഗത്തെക്കുറിച്ചുള്ള മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയിട്ടുണ്ടെന്നും ടാം പറഞ്ഞു.
5-11 പ്രായക്കാര്‍ക്കായി അംഗീകരിച്ച ആദ്യത്തെ ബൂസ്റ്ററാണിത്. ആ പ്രായക്കാര്‍ക്കുള്ള ആദ്യ രണ്ട് ഡോസുകള്‍ മാത്രമാണ് മോഡേണയ്ക്ക് അനുവദിച്ചിരിക്കുന്നത്. അഞ്ച് മുതല്‍ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് അവരുടെ രണ്ടാമത്തെ ഡോസ് പൂര്‍ത്തിയാക്കി കുറഞ്ഞത് ആറ് മാസമെങ്കിലും കഴിഞ്ഞ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാം.
ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികള്‍ക്ക് അവരുടെ രണ്ടാമത്തെ ഡോസ് കഴിഞ്ഞ് ആറ് മാസത്തിന് മുമ്പായി ഒരു ബൂസ്റ്റര്‍ നല്‍കണമെന്ന് പ്രതിരോധ കുത്തിവയ്പ്പിനായുള്ള ദേശീയ ഉപദേശക സമിതി ശുപാര്‍ശ ചെയ്യുന്നതായി ടാം പറഞ്ഞു. മറ്റെല്ലാ കുട്ടികള്‍ക്കും, ഫൈസര്‍-ബയോഎന്‍ടെക് കോമിര്‍നാറ്റി (10 എംസിജി) കോവിഡ് വാക്സിന്റെ ആദ്യ ബൂസ്റ്റര്‍ ഡോസ് അവരുടെ അവസാന ഷോട്ട് സ്വീകരിച്ച് ആറ് മാസം കഴിഞ്ഞ് നല്‍കാമെന്നും തെരേസ ടാം പറഞ്ഞു.