ഒമിക്രോണ്‍ ബാധിച്ച പകുതിയിലധികം പേര്‍ക്കും തങ്ങളെ രോഗം ബാധിച്ചതായി അറിയില്ലായിരുന്നുവെന്ന് പുതിയ പഠനം. ലോസ് ഏഞ്ചല്‍സ് ആസ്ഥാനമായുള്ള സിഡാര്‍സ്-സിനായ് മെഡിക്കല്‍ സെന്ററിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. പഠനം ജമാ നെറ്റ്‌വര്‍ക്ക് ഓപ്പണ്‍(JAMA Network Open) ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒമിക്രോണ്‍ ബാധിച്ചവര്‍ രോഗനിര്‍ണയം നടത്താതാണ് ഇത് അതിവേഗം പടരാന്‍ കാരണമായതെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
മെഡിക്കല്‍ സെന്ററിലെ 2,479 ജീവനക്കാരിലും രോഗികളിലുമാണ് പഠനം നടത്തിയത്. ഒമിക്രോണ്‍ തരംഗം മൂര്‍ച്ഛിക്കുന്നതിനു മുമ്പും അതിനുശേഷവും ഇവര്‍ നല്‍കിയ രക്ത സാമ്പിളുകള്‍ ഗവേഷണത്തിന് വിധേയമാക്കി. ഇവരില്‍ 210 പേരില്‍ ഒമിക്രോണ്‍ രോഗം സ്ഥിരീകരിച്ചു. പഠന കാലയളവില്‍ ആരോഗ്യനില നിരീക്ഷിക്കുന്നതിനായി ഒരു ചോദ്യാവലിയും ഇവരോട് പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
സര്‍വേയില്‍ പങ്കെടുത്തവരില്‍ 56 ശതമാനം പേരും തങ്ങള്‍ രോഗബാധിതരായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്ന് പറഞ്ഞു. 44 ശതമാനം പേര്‍ ഒമിക്രോണ്‍ രോഗബാധയെക്കുറിച്ച് ബോധവാന്മാരായിരുന്നു. പത്ത് ശതമാനം പേര്‍ മാത്രമാണ് രോഗലക്ഷണങ്ങള്‍ പോലും അനുഭവിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തത്.