സുഡാനിലെ ഖാര്‍തൂമില്‍ നിന്നും എത്യോപ്യ തലസ്ഥാനമായ അഡിസ് അബാബയിലേക്ക് പറന്ന എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ രണ്ട് പൈലറ്റുമാര്‍ ഉറങ്ങിപ്പോയതിനാല്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ വൈകിപ്പോയതായി റിപ്പോര്‍ട്ട്. വിമാനം 37,000 അടി ഉയരത്തില്‍ പറക്കവെയാണ് പൈലറ്റുമാര്‍ ഉറങ്ങിപ്പോയതെന്ന് കൊമേഴ്‌സ്യല്‍ ഏവിയേഷന്‍ സൈറ്റ് ഏവിയേഷന്‍ ഹെരാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബോയിങ് 737-800 ഇ.ടി -343യിലെ രണ്ടു പൈലറ്റുമാരാണ് ഉറങ്ങിപ്പോയത്. തിങ്കളാഴ്ചയായിരുന്നു സംഭവം. വിമാനം ഓട്ടോ പൈലറ്റായിരുന്നത് കൊണ്ട് തന്നെ ഫ്ളൈറ്റ് മാനേജ്‌മെന്റ് കമ്പ്യൂട്ടര്‍(എഫ്എംസി) വഴി റൂട്ട് സജ്ജീകരിച്ച ശേഷമായിരുന്നു പൈലറ്റുമാരുടെ ഉറക്കം. ലാന്‍ഡ് ചെയ്യേണ്ട സമയം കഴിഞ്ഞിട്ടും വിമാനം കാണാത്തതിനെ തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍(എടിസി) വിമാനത്തിലുള്ള പൈലറ്റുമാരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
പിന്നീട് ഇറങ്ങേണ്ട റണ്‍വേയ്ക്ക് മുകളിലൂടെ വിമാനം പറന്നതോടെ ഓട്ടോ പൈലറ്റ് സംവിധാനം അലാം മുഴക്കിയതോടെയാണ് പൈലറ്റുമാര്‍ ഉണര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനകം തന്നെ റണ്‍വേയില്‍ ഇറങ്ങാന്‍ 25 മിനിറ്റിലധികം വൈകിയിരുന്നു. തുടര്‍ന്ന് പെട്ടെന്ന് തന്നെ വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി വിമാനം സുരക്ഷിതമായി റണ്‍വേയിലിറക്കുകയായിരുന്നു.