കാനഡയില്‍ കുട്ടികള്‍ക്കുള്ള അസറ്റാമിനോ ച്യൂവബിള്‍ ഗുളികകള്‍ക്കും ക്ഷാമം നേരിടുന്നു

By: 600002 On: Aug 19, 2022, 11:25 AM

 

കാനഡയില്‍ കുട്ടികള്‍ക്കുള്ള ചവച്ചിറക്കാവുന്ന അസറ്റാമിനോഫെന്‍ ഗുളികകള്‍ക്കും ക്ഷാമം നേരിടുന്നതായി ജനറിക്, സ്റ്റോര്‍ ബ്രാന്‍ഡ് മരുന്നുകളുടെ നിര്‍മാതാക്കളായ  ലബോറട്ടോയര്‍ റിവ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തുടനീളം കുട്ടികളുടെ ലിക്വിഡ് ടൈലനോള്‍, അഡ്വില്‍ എന്നിവയുടെ കുറവ് സിക്ക്കിഡ്‌സ് ഹോസ്പിറ്റല്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് ഇപ്പോള്‍ ച്യൂവബിള്‍ ഗുളികകളുടെ കുറവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 

സാധാരണ നിലയേക്കാള്‍ ഡിമാന്‍ഡ് വര്‍ധിച്ചുവെന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന്  ക്യുബെക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി പറയുന്നു. വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങളും പ്രാദേശിക ഡിമാന്‍ഡും കാരണം ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ആളുകള്‍ മെഡിസിന്‍ സംഭരിച്ചു വെക്കുന്നതിനായി വാങ്ങരുതെന്നും അത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. 

അതേസമയം, തങ്ങളുടെ രോഗികള്‍ക്ക് വിതരണ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതായി ഓട്ടവയിലെ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ഓഫ് ഈസ്റ്റേണ്‍ ഒന്റാരിയോ(സിഎച്ച്ഇഒ) അറിയിച്ചു. കുട്ടികളുടെ പനിക്കും ജലദോഷത്തിനുമുള്ള ലിക്വിഡ് മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കില്‍ മാത്രമേ നല്‍കൂ എന്ന് സിക്ക് കിഡ്‌സ് അറിയിച്ചിരുന്നു. എന്നാല്‍ ഇത് സിക്ക്കിഡ്‌സ് രോഗികളെ പരിചരിക്കുന്നവര്‍ക്ക് നല്‍കിയ ശുപാര്‍ശയാണെന്നും മരുന്നുകള്‍ക്ക് കുറിപ്പടി ആവശ്യമില്ലെന്നും കനേഡിയന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.