എഡ്മന്റണ്‍ എക്‌സ്‌പോ സെന്ററിന്റെ മേല്‍ക്കൂരയില്‍ സൗരോര്‍ജപാനലുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയുമായി സിറ്റി. 5.03 മില്യണ്‍ ഡോളര്‍ പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ഹാള്‍ ഡി മുതല്‍ എച്ച് വരെ 193,735.5 ചതുരശ്ര അടിയില്‍ 5,754 സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യം. കാനഡയിലെ തന്നെ ഏറ്റവും വലിയ റൂഫ്‌ടോപ് സോളാര്‍ പാനലുകളായിരിക്കും ഇതെന്നും ഇതുവഴി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി 375 വീടുകളില്‍ ഉപയോഗിക്കുന്ന വൈദ്യുതിക്ക് തുല്യമായിരിക്കുമെന്നും അധികൃതര്‍ പറയുന്നു.
ഇവിടെ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന ഊര്‍ജം പ്രതിവര്‍ഷം 290,000 ഡോളര്‍ മുതല്‍ 460,000 ഡോളര്‍ വരെ പ്രവര്‍ത്തനലാഭം നല്‍കുമെന്നാണ് സിറ്റിയുടെ പ്രതീക്ഷ. പദ്ധതി നടപ്പിലാക്കാന്‍ കുറഞ്ഞ പണം മതി. ഉല്‍പ്പാദനം വഴി പണം ലാഭിക്കാനും കഴിയും. എഡ്മന്റണ്‍ നഗരത്തിന്റെ സമ്പദ് വ്യവസ്ഥയിലേക്ക് വലിയൊരു സംഭാവന ഇതിലൂടെ നല്‍കാന്‍ കഴിയുമെന്നാണ് വിചാരിക്കുന്നതെന്ന് എക്‌സ്‌പ്ലോര്‍ എഡ്മന്റണിലെ മെലിസ റാഡു പറഞ്ഞു.
പാനലുകളുടെ പ്രവര്‍ത്തനം ഏകദേശം 25 വര്‍ഷം നീണ്ടുനില്‍ക്കുമെന്നാണ് കരുതുന്നത്. നവംബര്‍ മാസത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിര്‍മാണ വേളയില്‍ എഡ്മന്റണ്‍ എക്‌സ്‌പോ തുറന്നിരിക്കും.