ആഭ്യന്തര വിമാനങ്ങളില്‍ സിഖ് യാത്രക്കാര്‍ ആറ് ഇഞ്ച് വരെ നീളമുള്ള കൃപാണ്‍ കൊണ്ടുപോകുന്നത് നിരോധിക്കണമെന്ന ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. മതാചാരത്തിന്റെ ഭാഗമായി സിഖുകാര്‍ ധരിക്കുന്ന വാളാണ് കൃപാണ്‍. എന്നാല്‍ ഇത് സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) മാര്‍ച്ച് നാലിന് പുറപ്പെടുവിച്ച വിജ്ഞാപനം സ്റ്റേ ചെയ്യാന്‍ ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു. എതിര് കക്ഷികളോട് മറുപടി നല്കാന് ആവശ്യപ്പെട്ട് ഹൈക്കോടതി ഹര്‍ജി ഡിസംബര്‍ 15 ലേക്ക് മാറ്റി.
വിമാനത്തില്‍ കൊണ്ടുപോകാന്‍ അനുവദിക്കാവുന്ന കൃപാണ്‍ 'അനുയോജ്യമായി രൂപകല്‍പ്പന ചെയ്തതാണോയെന്ന് ഉറപ്പാക്കാനും ' നാല് സെന്റി മീറ്ററില്‍ കൂടുതല്‍ നീളമില്ലെന്നും ഉറപ്പാക്കുന്നതിനുമായി പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ ഒരു കമ്മിറ്റിയെ രൂപീകരിക്കണമെന്ന് ഹര്‍ജിക്കാരനായ അഭിഭാഷകന് ഹര്‍ഷ് വിഭോര്‍ സിംഗാള്‍ ആവശ്യപ്പെട്ടു.
നിലവില്‍ അനുവദനീയമായ അളവിനനുസരിച്ച് വിമാനങ്ങളില്‍ കൃപാണ്‍ കൊണ്ടുവരുന്നത് വിമാനത്തിലെ സുരക്ഷക്ക് അപകടമാണ്. നിരവധി കൊലപാതക കേസുകളില്‍ കൃപാണ്‍ ഒരു ആയുധമായിരുന്നുവെന്ന് സുപ്രീം കോടതി പോലും നിരീക്ഷിച്ചിട്ടുണ്ടെന്നും അതിനാല്‍ തന്നെ വിമാന യാത്രകളില്‍ കൃപാണ്‍ ധരിക്കുന്നത് സുരക്ഷയെ ബാധിക്കുമെന്നും ഹര്ജിക്കാരന് പറഞ്ഞു.