കാല്‍ഗറിയില്‍ ബസില്‍ വെച്ച് പെണ്‍കുട്ടികള്‍ക്കു നേരെ വംശീയ അധിക്ഷേപം: യുവതിയെ പോലീസ് തിരയുന്നു 

By: 600002 On: Aug 19, 2022, 6:43 AM

കാല്‍ഗറിയില്‍ ട്രാന്‍സിറ്റ് ബസില്‍ സഞ്ചരിച്ച 13 വയസ്സുള്ള രണ്ട് പെണ്‍കുട്ടികള്‍ക്ക് നേരെ വംശീയ അധിക്ഷേപം നടത്തിയ യുവതിക്കായി പോലീസ് തിരച്ചില്‍ തുടരുന്നു. ഓഗസ്റ്റ് 11 വ്യാഴാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. സോമര്‍സെറ്റ്-ബ്രിഡില്‍വുഡ് സിട്രെയ്ന്‍ സ്‌റ്റേഷനില്‍ നിന്ന് സില്‍വരാഡോ കമ്യൂണിറ്റിയിലേക്ക് ബസില്‍ കയറിയ പെണ്‍കുട്ടികള്‍ക്കാണ് മോശം അനുഭവം ഉണ്ടായത്. 

ബസില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടികളെ സമീപിച്ച് അപരിചിതയായ യുവതി മോശമായി സംസാരിക്കാന്‍ തുടങ്ങുകയായിരുന്നു. പിന്നീട് ആക്രമണോത്സുകമായി സംസാരിക്കാനും വംശീയ അധിക്ഷേപം നടത്താനും ആരംഭിച്ചതായി പോലീസ് പറഞ്ഞു. സംഭവം നേരിട്ട പെണ്‍കുട്ടികള്‍ ഭയന്നുപോയെന്നും പോലീസ് പറഞ്ഞു. 

162 സെന്റിമീറ്റര്‍ ഉയരവും മെലിഞ്ഞ ശരീരവും ലൈറ്റ് കളര്‍ മുടിയുമുള്ള 30 വയസ് പ്രായം തോന്നിക്കുന്ന യുവതിയാണ് വംശീയ അധിക്ഷേപം നടത്തിയതെന്ന് ലഭിച്ച വീഡിയോ ഫൂട്ടേജില്‍ വ്യക്തമാക്കുന്നതായി പോലീസ് അറിയിച്ചു. 

സംഭവസമയത്ത് പിങ്ക് ഷര്‍ട്ടും ഇളം തവിട്ട് നിറത്തിലുള്ള സ്വെറ്ററും ഇരുണ്ട കളര്‍ പാന്റും സണ്‍ഗ്ലാസും ധരിച്ചിരുന്നു. വലിയ നീല സ്യൂട്ട്‌കേസും കറുത്ത ബാക്ക്പാക്കും യുവതിയുടെ കയ്യിലുണ്ടായിരുന്നു. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കാല്‍ഗറി പോലീസ് സര്‍വീസിന്റെ നോണ്‍-എമര്‍ജന്‍സി ലൈനുമായി 403-266-1234 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.