ക്യുബെക്ക് ഉള്‍പ്പെടെ കാനഡയില്‍ ഫ്രഞ്ച് സംസാരിക്കുന്നവരുടെ അനുപാതം കുറയുന്നു: സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ 

By: 600002 On: Aug 18, 2022, 12:07 PM

ക്യുബെക്ക് ഉള്‍പ്പെടെ കാനഡയിലെ എല്ലാ പ്രവിശ്യകളിലും പ്രദേശങ്ങളിലും വീട്ടില്‍ പ്രധാനമായും ഫ്രഞ്ച് സംസാരിക്കുന്നവരുടെ അനുപാതം കുറഞ്ഞുവരുന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ റിപ്പോര്‍ട്ട്. 2016 ലെ 20 ശതമാനത്തില്‍ നിന്ന് 2021 ല്‍ വീട്ടില്‍ ഫ്രഞ്ച് ഭാഷ സംസാരിക്കുന്നവരുടെ എണ്ണം 19.2 ശതമാനമായി കുറഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. യുക്കോണ്‍ ഒഴികെ ബാക്കി എല്ലാ പ്രവിശ്യകളിലും പ്രദേശങ്ങളിലും ഈ കണക്ക് 2.4 ശതമാനം എന്നതില്‍ നിന്നും 2.6 ശതമാനമായി ഉയര്‍ന്നു. 

ക്യുബെക്കില്‍ വീട്ടില്‍ ഫ്രഞ്ച് സംസാരിക്കുന്നവരുടെ എണ്ണം 2001 മുതല്‍ കുറഞ്ഞുവരികയാണ്. കാനഡക്കാരിൽ നാലില്‍ മൂന്നുപേരും ഇംഗ്ലീഷ് തങ്ങളുടെ ആദ്യത്തെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കുന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പറയുന്നു. ഈ അനുപാതം അഞ്ച് വര്‍ഷത്തിനിടയില്‍ വര്‍ധിച്ചു. ഫ്രഞ്ച് തങ്ങളുടെ ആദ്യത്തെ ഔദ്യോഗിക ഭാഷയായി റിപ്പോര്‍ട്ട് ചെയ്യുന്ന ആളുകളുടെ അനുപാതവും കുറഞ്ഞതായി ഡാറ്റ സൂചിപ്പിക്കുന്നു.

ക്യൂബെക്കില്‍, ഇംഗ്ലീഷ് തങ്ങളുടെ ആദ്യത്തെ ഔദ്യോഗിക ഭാഷയായി റിപ്പോര്‍ട്ട് ചെയ്ത കനേഡിയന്‍മാരുടെ എണ്ണം ഒരു മില്യണായി ഉയര്‍ന്നുവെന്നും പ്രവിശ്യയിലെ പത്തിൽ  ഒരാള്‍ വീട്ടില്‍ പ്രധാനമായും ഇംഗ്ലീഷ് സംസാരിക്കുന്നതായും റിപ്പോര്‍ട്ട് ചെയ്യുന്നു.