നിലവാരമില്ലാത്ത പ്രഷര്‍ കുക്കറുകള്‍ വിറ്റു: ഫ്‌ളിപ്പ്കാര്‍ട്ടിന് ഒരു ലക്ഷം രൂപ പിഴ 

By: 600002 On: Aug 18, 2022, 11:41 AM

മാനദണ്ഡങ്ങള്‍ ലംഘിച്ച് നിലവാരമില്ലാത്ത പ്രഷര്‍ കുക്കറുകള്‍ വിറ്റതിന് ഇ-കൊമേഴ്സ് കമ്പനിയായ ഫ്‌ളിപ്പ്കാര്‍ട്ടിന് പിഴ ചുമത്തിയതായി സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി(സിസിപിഎ). ഒരു ലക്ഷം രൂപയാണ് ഫ്‌ളിപ്കാര്‍ട്ട് പിഴയായി അടയ്‌ക്കേണ്ടത്. ഉപഭോക്താക്കളുടെ അവകാശം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയത്. നിലവാരമില്ലെന്നു കണ്ടെത്തിയ 598 പ്രഷര്‍ കുക്കറുകള്‍ വാങ്ങിയ ഉപഭോക്താക്കളെ ഇക്കാര്യം അറിയിക്കാനും പ്രഷര്‍ കുക്കറുകള്‍ തിരിച്ചുവിളിക്കാനും ഉപഭോക്താക്കള്‍ക്ക് അവയുടെ വില തിരികെ നല്‍കാനും 45 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഫ്‌ളിപ്കാര്‍ട്ടിനോട് സിസിപിഎ നിര്‍ദ്ദേശിച്ചു.

ഉല്‍പ്പന്നത്തിന്റെ ഇന്‍വോയ്‌സില്‍ പ്രധാനപ്പെട്ട വിവരങ്ങള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നും സ്വര്‍ണം, വെള്ളി, വെങ്കലം എന്നിങ്ങനെ ഉല്‍പ്പന്നങ്ങളെ വേര്‍തിരിക്കണമെന്നും സിസിപിഎ നിര്‍ദേശിച്ചു.

ഇ-കൊമേഴ്സ് വിപണിയിലൂടെ ഇത്തരം നിലവാരമില്ലാത്ത പ്രഷര്‍ കുക്കറുകള്‍ വിറ്റതിലൂടെ ഫ്‌ളിപ്കാര്‍ട്ട് മൊത്തം 1,84,263 രൂപ സമ്പാദിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രഷര്‍ കുക്കറുകളുടെ വില്‍പനയില്‍ നിന്ന് ഫ്‌ളിപ്പ്കാര്‍ട്ട് വാണിജ്യപരമായി നേട്ടമുണ്ടാക്കിയെന്നും ഉപഭോക്താക്കളോടുള്ള ഉത്തരവാദിത്തത്തില്‍ നിന്നും കമ്പനിക്ക് ഒഴിഞ്ഞു മാറാനാകില്ലെന്നും സിസിപിഎ പറഞ്ഞു.