കാനഡയില്‍ ഭാഷാ വൈവിധ്യം വര്‍ധിക്കുന്നു: സെന്‍സസ് ഡാറ്റ റിപ്പോര്‍ട്ട് 

By: 600002 On: Aug 18, 2022, 11:29 AM


കാനഡയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നായി വരുന്ന കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ രാജ്യത്ത് വൈവിധ്യമാര്‍ന്ന ഭാഷകളും അവതരിപ്പിക്കപ്പെടുകയാണ്. ഈവര്‍ഷം മാതൃഭാഷ ഫ്രഞ്ചോ ഇംഗ്ലീഷോ അല്ലാത്ത കാനഡക്കാരുടെ
എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണെന്ന് പുതിയ സെന്‍സസ് ഡാറ്റ വെളിപ്പെടുത്തുന്നു. ഏകദേശം 12 ശതമാനം ആളുകള്‍ പ്രധാനമായും വീട്ടില്‍ ഔദ്യോഗികമല്ലാത്ത ഭാഷ സംസാരിക്കുന്നതായും സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ ഡാറ്റ സൂചിപ്പിക്കുന്നു. ഈ അനുപാതം കഴിഞ്ഞ 30 വര്‍ഷമായി വര്‍ധിച്ചു. ഈ പ്രവണത കുടിയേറ്റം മൂലമാണ് ഉണ്ടാകുന്നത്. 

കോവിഡ് നിയന്ത്രണങ്ങളും മറ്റ് അനുബന്ധ പ്രശ്‌നങ്ങളും കാരണം കുടിയേറ്റം ഗണ്യമായി കുറഞ്ഞപ്പോഴും ഇത് തുടര്‍ന്നതായി ഡാറ്റയില്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ കുടിയേറ്റക്കാരുടെ ശരാശരി പ്രായം സാധാരണയായി 25 നും 35 നും ഇടയിലാണെന്നും ഡാറ്റയില്‍ പറയുന്നു. 

2016 ലെ അവസാന സെന്‍സസ് മുതല്‍, പ്രധാനമായും ഇന്ത്യന്‍ ഭാഷകളായ പഞ്ചാബി അല്ലെങ്കില്‍ ഹിന്ദി സംസാരിക്കുന്ന കാനഡക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായി. ഇന്ത്യന്‍ ഭാഷകള്‍ സംസാരിക്കുന്ന ജനസംഖ്യയുടെ വളര്‍ച്ചാ നിരക്ക് ഈ കാലയളവില്‍ മൊത്തത്തിലുള്ള കനേഡിയന്‍ ജനസംഖ്യയേക്കാള്‍ എട്ട് മടങ്ങ് കൂടുതലായതായും ഡാറ്റ കണ്ടെത്തി.

90 ശതമാനം കനേഡിയന്‍മാരും ഔദ്യോഗിക ഭാഷകളായ ഇംഗ്ലീഷും ഫ്രഞ്ചും ആശയവിനിമയത്തിന് ഉപയോഗിക്കുന്നതായും സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ സെന്‍സസ് ഡാറ്റയില്‍ പറയുന്നു. 2016-നും 2021-നും ഇടയില്‍ യുകോണ്‍ ഒഴികെയുള്ള എല്ലാ പ്രവിശ്യകളിലും പ്രദേശങ്ങളിലും വീട്ടില്‍ ഫ്രഞ്ച് സംസാരിക്കുന്ന കാനഡക്കാരുടെ അനുപാതം കുറഞ്ഞതായി സെന്‍സസ് റിലീസില്‍ പറയുന്നു.

കനേഡിയന്‍മാരില്‍ നാലില്‍ മൂന്നുപേരും ഇംഗ്ലീഷ് തങ്ങളുടെ പ്രഥമ ഔദ്യോഗിക ഭാഷയായി അംഗീകരിക്കുന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പറയുന്നു. ഈ അനുപാതം അഞ്ച് വര്‍ഷത്തിനിടയില്‍ വര്‍ദ്ധിച്ചതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ സെന്‍സസ് റിലീസ് വ്യക്തമാക്കുന്നു. ഫ്രഞ്ച് തങ്ങളുടെ ആദ്യത്തെ ഔദ്യോഗിക ഭാഷയായി റിപ്പോര്‍ട്ട് ചെയ്യുന്ന ആളുകളുടെ അനുപാതം കുറഞ്ഞതായും സൂചിപ്പിക്കുന്നു.

ക്യൂബെക്കില്‍, ഇംഗ്ലീഷ് തങ്ങളുടെ ആദ്യത്തെ ഔദ്യോഗിക ഭാഷയായി റിപ്പോര്‍ട്ട് ചെയ്ത കാനഡക്കാരുടെ
എണ്ണം ഒരു ദശലക്ഷമായി ഉയര്‍ന്നു. പ്രവിശ്യയില്‍ 10 പേരില്‍ ഒരാള്‍ വീട്ടില്‍ പ്രധാനമായും ഇംഗ്ലീഷ് സംസാരിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു.