രാജ്യത്തിനെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു; 7 ഇന്ത്യന്‍ യൂട്യൂബ് ചാനലുകളും ഒരു പാക്കിസ്ഥാനി ചാനലും നിരോധിച്ചു 

By: 600002 On: Aug 18, 2022, 10:37 AM


രാജ്യത്തിനെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച 7 ഇന്ത്യന്‍ യൂട്യൂബ് ചാനലുകളും 1 പാകിസ്ഥാനി യൂട്യൂബ് ചാനലും ഒരു ഫേസ്ബുക്ക് അക്കൗണ്ടും രണ്ട് ഫേസ്ബുക്ക് പോസ്റ്റുകളും കേന്ദ്രസര്‍ക്കാര്‍ ബ്ലോക്ക് ചെയ്തു. ബ്ലോക്ക് ചെയ്ത ചാനലുകള്‍ക്ക് 114 കോടിയിലധികം കാഴ്ചക്കാരും 85 ലക്ഷം സബ്സ്‌ക്രൈബര്‍മാരുമുണ്ടെന്ന് വാര്‍ത്താവിതരണ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ലോക് തന്ത്ര ടിവി (12.90 ലക്ഷം സബ്സ്‌ക്രൈബര്‍മാര്‍), യു&വി ടിവി ( 10.20 ലക്ഷം സബ്സ്‌ക്രൈബര്‍മാര്‍), എഎം റാസ് വി (95900 സബ്സ്‌ക്രൈബര്‍മാര്‍), ഗൗരവ്ഷാലി പവന്‍ മിതിലാഞ്ചല്‍( 7 ലക്ഷം സബ്സ്‌ക്രൈബര്‍മാര്‍), സര്‍ക്കാരി അപ്ഡേറ്റ് (80,900 സബ്സ്‌ക്രൈബര്‍മാര്‍) സബ് കുച്ഛ് ദേഖോ (19.40 ലക്ഷം സബ്സ്‌ക്രൈബര്‍മാര്‍) തുടങ്ങിയവയാണ് ബ്ലോക്ക് ചെയ്യപ്പെട്ട ഇന്ത്യന്‍ യൂട്യൂബ് ചാനലുകള്‍. ന്യൂസ് കി ദുനിയ (97000 സബ്സ്‌ക്രൈബര്‍) എന്ന പാകിസ്ഥാനി ചാനലാണ് മറ്റൊന്ന്.

രാജ്യത്തെ മത വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തുകയെന്ന ഉദ്ദേശത്തോടുകൂടിയുള്ളതാണ് ഈ ചാനലുകളിലെ ഉള്ളടക്കങ്ങളെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. മതപരമായ നിര്‍മിതികള്‍ തകര്‍ക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവിടുന്നു, മതപരമായ ആഘോഷങ്ങള്‍ സര്‍ക്കാര്‍ വിലക്കുന്നു, ഇന്ത്യയില്‍ മതയുദ്ധം പ്രഖ്യാപിക്കുന്നു തുടങ്ങിയ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവയാണ് നിരോധിക്കപ്പെട്ട ചാനലുകളിലെ പല വീഡിയോകളുമെന്ന് കേന്ദ്രം പ്രസ്താവനയിലൂടെ അറിയിച്ചു.