ആളുകളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന തരത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ക്യൂന്‍ സിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി റെജൈന പോലീസ് സര്‍വീസ്(ആര്‍പിഎസ്). കാനഡയിലെ മറ്റ് ഭാഗങ്ങളില്‍ നടന്നുവരുന്ന ഇത്തരം കുറ്റകൃത്യങ്ങള്‍ റെജീനയിലും സമീപകാലത്തായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഗുരുതരമായി കാണുന്നുവെന്ന് പോലീസ് അറിയിച്ചു.
ഒരു എസ്‌കോര്‍ട്ട് കമ്പനിയുടെ പ്രസിഡന്റാണെന്ന വ്യാജേന തട്ടിപ്പുകാര്‍ ടെക്സ്റ്റ് മെസേജുകള്‍ ആളുകള്‍ക്ക് അയക്കുകയാണ് ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു. പേയ്‌മെന്റ് ആവശ്യപ്പെടുന്നതിനു മുമ്പ് സേവനങ്ങള്‍ക്ക് പണം നല്‍കിയില്ലെങ്കില്‍ കുടുംബത്തിനെതിരെ വധഭീഷണി നടത്തുകയും ഗ്രാഫിക് ചിത്രങ്ങള്‍ അയച്ച് ഭയപ്പെടുത്തുകയും ചെയ്യും. കുടുംബാംഗങ്ങളുടെ ജീവന്‍ അപകടത്തിലാകുമെന്ന് പേടിച്ച് ഇര തട്ടിപ്പുകാര്‍ക്ക് പണം നല്‍കുന്നു.
ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അനാവശ്യമായ സന്ദേശങ്ങളോ മെയിലുകളോ ലഭിക്കുമ്പോള്‍ വളരെ ജാഗ്രതയോടെ അതിനോട് പ്രതികരിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. കുറ്റവാളികള്‍ എപ്പോഴും പൊതുജനങ്ങളില്‍ ഉത്കണ്ഠ നിറയ്ക്കാന്‍ ശ്രമിക്കും. അതുകൊണ്ട് ലഭിക്കുന്ന സന്ദേശങ്ങളുടെ ആധികാരികത വിലയിരുത്തുക. ഒരിക്കലും സ്വകാര്യ വിവരങ്ങള്‍ നല്‍കാനോ ചോദിക്കുന്ന ഉടന്‍ പണം നല്‍കാനോ ശ്രമിക്കരുതെന്നും പോലീസ് നിര്‍ദ്ദേശിക്കുന്നു. ഇത്തരം തട്ടിപ്പുകളില്‍ വീണുവെന്ന് സംശയിക്കുന്നവര്‍ അല്ലെങ്കില്‍ പണം നഷ്ടപ്പെട്ടവരാണെങ്കില്‍ അത് ഉടന്‍ പ്രാദേശിക പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാനും പോലീസ് അറിയിച്ചു.