ചികിത്സയ്ക്കിടെ രോഗികള്‍ മരിച്ച സംഭവം: ഒന്റാരിയോയിലെ യുവ ഡോക്ടര്‍ക്കെതിരെ മൂന്ന് പുതിയ കൊലപാതക കുറ്റങ്ങള്‍ കൂടി ചുമത്തിയതായി പോലീസ് 

By: 600002 On: Aug 18, 2022, 6:46 AM

 

ഒന്റാരിയോയില്‍ ആശുപത്രിയില്‍ ഒരു രോഗി മരിച്ചതുമായി ബന്ധപ്പെട്ട് ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തപ്പെട്ട ഡോക്ടര്‍ക്കെതിരെ മറ്റ് മൂന്ന് കൊലപാതക കുറ്റങ്ങള്‍ കൂടി ചുമത്തിയതായി ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസ് അറിയിച്ചു. ക്യുബെക്കിലെ പോയിന്റ് ക്ലെയറില്‍ നിന്നുള്ള 89കാരനായ ആല്‍ബെര്‍ട്ട് പോയിന്റിംഗറിന്റെ മരണവുമായി ബന്ധപ്പെട്ട് 2021 ല്‍ ബ്രയാന്‍ നാഡ്‌ലര്‍(35) എന്ന ഡോക്ടര്‍ക്കെതിരെയാണ് കൊലപാതക കുറ്റം ചുമത്തിയത്. ആ സമയത്ത് നാഡ്‌ലര്‍ ഹോക്‌സ്ബറിയിലും ഡിസ്ട്രിക്റ്റ് ജനറല്‍ ആശുപത്രിയിലും ജോലി ചെയ്യുകയായിരുന്നു. 

എന്നാല്‍ ആശുപത്രിയില്‍ സംശയാസ്പദമായ ഒന്നിലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പോലീസ് അന്വേഷണം നടത്തി. ഇതേ തുടര്‍ന്ന് നാഡ്‌ലര്‍ക്കെതിരെ തെളിവുകള്‍ ശേഖരിക്കുകയും മൂന്ന്  കൊലപാതക കുറ്റങ്ങള്‍ കൂടി ചുമത്തുകയുമായിരുന്നുവെന്ന് വാര്‍ത്താക്കുറിപ്പില്‍ പോലീസ് പറഞ്ഞു. സംഭവത്തില്‍ നാഡ്‌ലറെ അറസ്റ്റ് ചെയ്യുകയും മൂന്ന് അധിക കുറ്റങ്ങള്‍ ചുമത്തുകയും ചെയ്തു. ക്യുബെക്കിലെ റിഗൗഡ് സ്വദേശി ക്ലെയര്‍ ബ്രിയര്‍(80), ഹോക്‌സ്ബറിയിലെ ലോറെയ്ന്‍ ലാലാന്‍ഡെ(79), ഈസ്റ്റ് ഹോക്‌സ്ബറി ടൗണ്‍ഷിപ്പില്‍ നിന്നുള്ള ജൂഡിത്ത് ലുംഗുലെസ്‌കു(93) എന്നിവരുടെ മരണത്തിലാണ് നാഡ്‌ലറെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മരിച്ച മൂവരും നാഡ്‌ലറുടെ പരിചരണത്തിലായിരുന്നു. 

ആശുപത്രിയിലെ മറ്റ് മരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താനില്ലെന്നും പോലീസ് അറിയിച്ചു. 

2021 ല്‍ കുറ്റാരോപിതനായതിന് തൊട്ടുപിന്നാലെ നാഡ്‌ലറുടെ മെഡിക്കല്‍ ലൈസന്‍സ് റദ്ദ് ചെയ്തിരുന്നു. പിന്നീട് അറസ്റ്റിലായ നാഡ്‌ലര്‍ മെഡിസിന്‍ നിരോധനം ഉള്‍പ്പെടെ നിരവധി ഉപാധികളോടെ 2021 ജൂലൈയില്‍ ജാമ്യത്തില്‍ പുറത്തിറങ്ങി.