പാസ്‌പോര്‍ട്ട് ബാക്ക്‌ലോഗ്: കാനഡയില്‍ നാല് പുതിയ പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കുന്നു 

By: 600002 On: Aug 18, 2022, 6:12 AM


പാസ്‌പോര്‍ട്ട് അപേക്ഷകള്‍ പ്രോസസ്സ് ചെയ്യാനുള്ള കാലതാമസവും അതുവഴി ഉണ്ടാകുന്ന ബാക്ക്‌ലോഗും തുടരുന്നതിനാല്‍ കാനഡയിലുടനീളം നാല് പുതിയ പാസ്‌പോര്‍ട്ട് സര്‍വീസ് ലൊക്കേഷനുകള്‍ കൂടി ആരംഭിക്കുമെന്ന് ഫെഡറല്‍ ഗവണ്‍മെന്റ് അറിയിച്ചു. ആല്‍ബെര്‍ട്ടയിലെ റെഡ് ഡീര്‍, ഒന്റാരിയോയിലെ സോള്‍ട്ട് സെന്റ് മേരി, ക്യുബെക്കിലെ ട്രോയിസ് റിവിയേഴ്‌സ്, പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡിലെ ഷാര്‍ലറ്റ്ടൗണ്‍ എന്നീ സ്ഥലങ്ങളിലാണ് സര്‍വീസ് കാനഡയുടെ പുതിയ ലൊക്കേഷനുകള്‍. ഇവിടെ നിന്നും ജനങ്ങള്‍ക്ക് ഇനിമുതല്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനും പുതുക്കാനും മറ്റ് പാസ്‌പോര്‍ട്ട് സംബന്ധ സേവനങ്ങളും ലഭ്യമാകുമെന്ന് സാമൂഹിക വികസന മന്ത്രി കരീന ഗൗള്‍ഡ് അറിയിച്ചു. 

ജൂലൈയില്‍ അഞ്ച് പുതിയ ലൊക്കേഷനുകള്‍ രാജ്യത്ത് ആരംഭിച്ചിരുന്നു. കൂടാതെ ഏഴ് മുതല്‍ ഒമ്പത് ലൊക്കേഷനുകള്‍ കൂടെ ആരംഭിക്കാന്‍ പദ്ധതിയിടുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡില്‍ ഇതുവരെ ഒരു പാസ്‌പോര്‍ട്ട് സേവന ലൊക്കേഷനുകളും ആരംഭിച്ചിട്ടില്ല. 

കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കുകയും രാജ്യത്തെ ജനങ്ങള്‍ യാത്ര പുനരാരംഭിക്കുകയും ചെയ്തതോടെ പുതിയതും പുതുക്കേണ്ടതുമായ പാസ്പോര്‍ട്ടുകള്‍ക്കായി ഏകദേശം 1.1 മില്യണ്‍ അപേക്ഷകള്‍ ഏപ്രില്‍ മുതല്‍ ഫയല്‍ ചെയ്തിട്ടുണ്ട്. അവയില്‍ നാലിലൊന്ന് ഭാഗവും ഇതുവരെ പ്രോസസ്സ് ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ഓഗസ്റ്റ് ആദ്യവാരം 40 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കിയ പാസ്പോര്‍ട്ടുകളുടെ എണ്ണം കഴിഞ്ഞ ആഴ്ച 81 ശതമാനത്തില്‍ നിന്ന് 72 ശതമാനമായി കുറഞ്ഞു. എന്നാല്‍, തപാല്‍ വഴി സമര്‍പ്പിച്ച അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതായി  സര്‍ക്കാര്‍ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു.