നാച്യുറൽ കാനഡ പ്രൊ.ക്വാളിഫയർ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കനേഡിയൻ മലയാളി നിതിൻ ശരത്.

By: 600007 On: Aug 18, 2022, 3:05 AM

നാച്യുറൽ കാനഡ പ്രൊ.ക്വാളിഫയർ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കനേഡിയൻ മലയാളികളുടെ അഭിമാനമായിരിക്കുകയാണ് സസ്‌കച്ചവൻ പ്രൊവിൻസിലെ റെജൈനയിൽ സ്ഥിര താമസമാക്കിയ നിതിൻ ശരത്. ഓഗസ്റ്റ് 6 നു ടോറോന്റോയിലെ ഡെൽറ്റ ഹോട്ടലിൽ  വെച്ച് നടന്ന മത്സരത്തിൽ കാനഡയിലെ വിവിധ പ്രൊവിൻസുകളിൽ നിന്നുമുള്ള  ഏകദേശം  400  ഓളം പേർ  പങ്കെടുത്തിരുന്നു. നിതിൻ മത്സരിച്ച ഓപ്പൺ ബോഡി ബിൽഡിങ്ങിൽ ബാന്റം വിഭാഗത്തിൽ മത്സരിച്ച 8 പേരിൽ ഒന്നാമനായാണ് നിതിൻ ഈ അത്യുഗ്ര വിജയം കരസ്ഥമാക്കിയത്. 

 

2012 മുതൽ നാഷണൽ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ വിജയി ആകണമെന്ന സ്വപ്നവുമായി വിവിധ മത്സരങ്ങളിൽ പങ്കെടുത്ത  നിതിന് കഴിഞ്ഞ കൊല്ലം ഇതേ മത്സരത്തിൽ  രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. എന്നാൽ ഐ എഫ് ബി ബി വി (ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ബോഡി ബിൽഡിങ് ആൻഡ് ഫിറ്റ്നസ്)  പ്രൊഫെഷണൽ കാർഡ് കരസ്ഥമാക്കുക എന്ന നിതിൻ്റെ  ദൃഢ നിശ്ച്ചയവും കഴിഞ്ഞ ഒരു കൊല്ലം കൊണ്ടുള്ള വിശ്രമമില്ലാത്ത കഠിനാധ്വാനവുമാണ് നിതിനെ പ്രൊഫെഷണൽ ക്വാളിഫയർ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്തെത്തിച്ചത്.  അടുത്ത് തന്നെ പ്രൊ കാർഡ് കരസ്ഥമാക്കുക എന്നതാണ് നിതിൻ്റെ ലക്‌ഷ്യം.

കഴിഞ്ഞ രണ്ട്  കൊല്ലമായി സോൾവിൻ ജെ കല്ലിങ്കലിന്റെ നേതൃത്വത്തിലുള്ള ലയൺഷെർ ഇമ്മിഗ്രേഷൻ കാനഡ നിതിന് മികച്ച പിന്തുണയാണ് നൽകുന്നത്.   

ആലപ്പുഴ ഗുരുപുരം  സ്വദേശിയാണ് നിതിൻ ശരത്. ഭാര്യ രശ്മി നിതിൻ, മകൾ റയിലിൻ നിതിൻ.