ബീസിയിലെ റിച്ച്മണ്ട്, സ്കൈട്രെയിന്‍ സ്റ്റേഷനില്‍ ഇംഗ്ലീഷ് സംസാരിക്കാത്തതിന് രണ്ട് സ്ത്രീകളോട് ഒരു പുരുഷന് ആക്രോശിക്കുന്ന രണ്ട് മിനുട്ട് വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. ഡോണ ഡമാസോ എന്ന യുവതിയാണ് ആഗ്സ്റ്റ് 11 ന് വീഡിയോ എടുത്തത്. റിച്ച്മണ്ട് ബ്രിഗ്ഹൗസ് സ്റ്റേഷനില്‍ ടിക്കറ്റ് വാങ്ങിയ രണ്ട് ഏഷ്യന്‍ വംശജരായ സ്ത്രീകള്‍ക്കു നേരെയാണ് ഇയാളുടെ വിദ്വേഷ ശകാരം. ശനിയാഴ്ച പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ 350,000 ത്തിലധികം പേര് കണ്ടു.
ടിക്കറ്റ് വാങ്ങിയതിന് ശേഷം സ്ത്രീകള്‍ അവരുടെ ഭാഷയില്‍ പരസ്പരം സംസാരിക്കാന്‍ തുടങ്ങി. ഇതിനിടയിലാണ് ഒരു പുരുഷന് ഇവര്‍ക്കുനേരെ പാഞ്ഞടുക്കുകയും സ്ത്രീകളോട് മോശമായി പെരുമാറുകയും ചെയ്തതെന്ന് ഡമോസ പറയുന്നു. സംഭവത്തില്‍ ഇടപെട്ട ഡമോസയോട് ഇയാള്‍ താന്‍ മക്ഗില്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടിയ അഭിഭാഷകനാണെന്ന് അവകാശപ്പെടുന്നതായി വീഡിയോയില്‍ കാണാം.
എഡ്മന്റണിലേക്ക് വിമാനം പിടിക്കാന്‍ തിരക്കിട്ട യാത്രയിലായിരുന്ന തനിക്ക് സംഭവം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് ഡമോസോ പറഞ്ഞു. എന്നാല്‍ അടുത്ത് തന്നെ സംഭവത്തിന് ദൃക്സാക്ഷിയെന്ന നിലയില്‍ ഇത് സംബന്ധിച്ച് പോലീസിന് വിവരം കൈമാറുമെന്നും അവര്‍ പറഞ്ഞു. അതേസമയം, വീഡിയോ ശ്രദ്ധയില്‍പ്പെട്ട ആര്‍സിഎംപി, സംഭവത്തില്‍ ഇരകളായവര്ക്കോ ദൃക്സാക്ഷികളായവര്ക്കോ പരാതി നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.
സംഭവം വിഷമിപ്പിക്കുന്നതാണെങ്കിലും ഏഷ്യന്‍ വംശജരോടുള്ള അതിക്രമങ്ങളും മറ്റും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത് അസാധാരണമായി തോന്നുന്നില്ലെന്ന് സ്റ്റാന്‍ഡ് വിത്ത് ഏഷ്യന്‍സ് കോളിഷന്റെ വക്താവ് പ്രതികരിച്ചു.