ഫാമിലി ഡോക്ടര്‍മാരുടെ കുറവ് മൂലം പ്രതിസന്ധി നേരിടുന്ന ബീസി ആരോഗ്യമേഖലയില്‍ പ്രാഥമിക ശുശ്രൂഷ ലഭ്യമാകുന്ന കാര്യത്തില്‍ ജനങ്ങളുടെ ആശങ്ക വര്‍ധിക്കുകയാണ്. ബീസിയില്‍ 20 ശതമാനം ആളുകള്‍ക്കും ഡോക്ടറുടെ സേവനം ലഭ്യമല്ലെന്ന് ഡോക്ടേഴ്സ് ഓഫ് ബീസിയിലെ ഡോ.ജോഷ് ഗ്രെഗെയ്ന് മാധ്യമങ്ങളോട് പറയുന്നു. പ്രവിശ്യയില്‍ പ്രാഥമിക പരിചരണ സംവിധാനത്തില്‍ വേണ്ടത്ര സേവനം നിലവില്‍ നല്കാന് കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രാഥമിക പരിചരണ മേഖലയില്‍ ഒരു മാറ്റം അനിവാര്യമാണെന്ന് ഗ്രെഗെയ്ന് പറയുന്നു. കൂടാതെ ഓരോ സന്ദര്‍ശനത്തിനും ഫിസിഷ്യന്മാര്ക്ക് പണം നല്കുന്ന പ്രവിശ്യയുടെ സേവനത്തിനുള്ള ഫീസ് മോഡല്‍ ക്രമീകരിക്കേണ്ടതുണ്ടെന്നും ഗ്രെഗെയ്ന് പറഞ്ഞു. നിലവിലെ ഈ മോഡല്‍ തകര്‍ന്നുവെന്നല്ല, ഇത് നവീകരിക്കുകയും പുനക്രമീകരിക്കുകയും ചെയ്യണമെന്നാണ് നിര്ദ്ദേശിക്കുവാനുള്ളതെന്ന് അദ്ദേഹം നിലപാട് വ്യക്തമാക്കി.