ജനസംഖ്യ വര്‍ധിപ്പിക്കാന്‍ പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ചൈന 

By: 600002 On: Aug 17, 2022, 10:36 AM


ജനസംഖ്യാ നിയന്ത്രണ നയത്തില്‍ മാറ്റം വരുത്തി ചൈന. ജനസംഖ്യ നിരക്കില്‍ റെക്കോര്‍ഡ് കുറവ് രേഖപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകാനായി കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആനുകൂല്യങ്ങളും പ്രഖ്യാപനങ്ങളുമായി ചൈന രംഗത്തെത്തിയത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ 2025ഓടെ ചൈനയുടെ ജനസംഖ്യാ നിരക്ക് ക്രമാതീതമായി താഴാന്‍ തുടങ്ങുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ലോകത്തില്‍ ഏറ്റവും അധികം ജനസംഖ്യയുള്ള രാജ്യമാണ് ചൈന. എന്നാല്‍, ഇവിടുത്തെ ജനസംഖ്യയുടെ നല്ലൊരു ഭാഗം ആളുകളും പ്രായമായിത്തുടങ്ങി. എന്നാല്‍ കഠിനമായ ജനസംഖ്യാ നിയന്ത്രണ നയങ്ങള്‍ കാരണം പ്രായമാകുന്ന ജനവിഭാഗത്തിന് ആനുപാതികമായി ചെറുപ്പക്കാര്‍ ഇല്ല എന്നതിനാല്‍ തൊഴില്‍ മേഖലകളും സമ്പദ്ഘടനയും തകിടം മറിയുകയാണ്.

ജനസംഖ്യാപരമായി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കുട്ടികളുണ്ടാകാന്‍ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കാന്‍ പ്രാദേശിക സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സബ്സിഡികള്‍, നികുതിയിളവുകള്‍, മെച്ചപ്പെട്ട ആരോഗ്യ ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസം, പാര്‍പ്പിടം, ജോലി തുടങ്ങിയവയാണ് സര്‍ക്കാര്‍ വാഗ്ദാനങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍.

2016ല്‍ ചൈന 'ഒറ്റ കുട്ടി നയം' അവസാനിപ്പിക്കുകയും കഴിഞ്ഞ വര്‍ഷം, മൂന്ന് കുട്ടികള്‍ വരെ ആകാം എന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എങ്കിലും കഴിഞ്ഞ അഞ്ച് വര്‍ഷമായി ജനന നിരക്ക് കുറഞ്ഞ് തന്നെയാണുള്ളത്.