രാജ്യത്ത് ചില ഫാര്‍മസികളില്‍ ചെറിയ കുട്ടികള്‍ക്കുള്ള പനി, വേദന എന്നിവയ്ക്കുള്ള മരുന്നുകളുടെ ക്ഷാമം നേരിടുന്നതായി ടൊറന്റോ ഹോസ്പിറ്റല്‍ ഫോര്‍ സിക്ക് ചില്‍ഡ്രന്‍(സിക്ക്കിഡ്‌സ്) മുന്നറിയിപ്പ് നല്‍കുന്നു. രാജ്യത്തുടനീളമുള്ള ഫാര്‍മസികളില്‍ ലിക്വിഡ് ടൈലനോള്‍, അഡ്വില്‍ തുടങ്ങിയ മെഡിസിനുകളുടെ വിതരണ ക്ഷാമം രൂക്ഷമാണെന്ന് സിക്ക്കിഡ്‌സ് വക്താവ് കത്തില്‍ അറിയിച്ചു.
കുട്ടികള്‍ക്ക് അസറ്റാമിനോഫെന്‍ ലിക്വിഡ് രൂപത്തില്‍ ആവശ്യമാണെങ്കില്‍ ഇപ്പോള്‍ കുറിപ്പടി ഉണ്ടെങ്കില്‍ മാത്രമേ ഫാര്‍മസികളില്‍ നിന്നും നല്‍കൂ എന്ന് കത്തില്‍ പറയുന്നു. വലിയ കുപ്പികളില്‍ നിന്നും ചെറിയ കുപ്പികളിലേക്ക് ഫാര്‍മസിസ്റ്റിന് വീണ്ടും പാക്ക് ചെയ്യേണ്ടതിനാല്‍ ഇത് കൗണ്ടറില്‍ നല്‍കാന്‍ കഴിയില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സിക്ക്കിഡ്‌സിന്റെ ഇന്‍പേഷ്യന്റ് ഫാര്‍മസിക്ക് പുറമെ ഷോപ്പേഴ്‌സ് ഡ്രഗ് മാര്‍ട്ട് പോലുള്ള ഫാര്‍മസികളെയും ക്ഷാമം ബാധിച്ചതായി സിക്ക്കിഡ്‌സ് വക്താവ് അറിയിച്ചു. ആശുപത്രിയില്‍ അഡ്മിറ്റായിരിക്കുന്ന കുട്ടികള്‍ക്ക് മരുന്ന് ലഭ്യമാകും. എന്നാല്‍ ഡേക്ടറെ സന്ദര്‍ശിച്ച് മടങ്ങുന്നവര്‍ക്ക് ഉറപ്പായും ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കില്‍ മാത്രമേ മരുന്ന് ലഭ്യമാകുകയുള്ളൂ.
ഉയര്‍ന്ന ഡിമാന്‍ഡും വിതരണശൃംഖലയിലെ നിയന്ത്രണങ്ങളും ജലദോഷത്തിനും പനിയ്ക്കുമുള്ള മരുന്നിന്റെ ക്ഷാമം വര്‍ധിപ്പിക്കുമെന്ന് ഒന്റാരിയോ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ഒരു മാസം മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ക്ഷാമം എത്രത്തോളം ഫാര്‍മസികളെ ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമല്ല.
ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ അസുഖം ബാധിക്കുന്ന കുട്ടികള്‍ക്ക് ശരിയായ ഡോസ് മെഡിസിന്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഫാര്‍മസിസ്റ്റുമായോ ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡറുമായോ സംസാരിക്കണമെന്ന് സിക്ക്കിഡ്‌സ് നിര്‍ദ്ദേശിച്ചു. കൂടാതെ ചവച്ചിറക്കാവുന്ന ഗുളികകള്‍ ഉള്‍പ്പെടെ മറ്റ് തരത്തിലുള്ള മരുന്നുകള്‍ നല്‍കുന്നത് രക്ഷിതാക്കള്‍ പരിഗണിക്കണമെന്നും സിക്ക്കിഡിസ് ശുപാര്‍ശ ചെയ്യുന്നു.