ഫിഫയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ശ്രമിക്കണമെന്ന് സുപ്രീംകോടതി; ചര്‍ച്ച ആരംഭിച്ചതായി കേന്ദ്രം 

By: 600002 On: Aug 17, 2022, 7:48 AM

 

ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന് ഫിഫ ഏര്‍പ്പെടുത്തിയ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ശ്രമിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പ് ഇന്ത്യയില്‍ നടത്താന്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. അതേസമയം സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.

എഐഎഫ്എഫ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ കേന്ദ്രം ശ്രമം ആരംഭിച്ചതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കോടതിയെ അറിയിച്ചത്. ഫിഫയുമായി രണ്ട് തവണ കൂടിക്കാഴ്ച നടത്തി. ഇന്ത്യയില്‍ തന്നെ അണ്ടര്‍ 17 ലോകകപ്പ് ഉറപ്പാക്കുമെന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. അണ്ടര്‍ 17 വനിതാ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിന്റെ നേട്ടം ഇന്ത്യക്കുണ്ടാകണമെന്ന് സുപ്രീം കോടതി പറഞ്ഞു.