കാനഡയുടെ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് ജൂലൈയില്‍ 7.6 ശതമാനമായി കുറഞ്ഞു: സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട് 

By: 600002 On: Aug 17, 2022, 7:07 AMകാനഡയുടെ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് ജൂലൈയില്‍ 7.6 ശതമാനമായി കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട്. ഭക്ഷണം, വാടക, യാത്ര എന്നീ വിഭാഗങ്ങളില്‍ വില വര്‍ധിച്ചുകൊണ്ടിരിക്കുമ്പോഴും ഗ്യാസ് വിലയിലുണ്ടായ ഇടിവാണ് പണപ്പെരുപ്പ നിരക്ക് ഇടിയാനുള്ള കാരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. 2020 ജൂണിനു ശേഷം വാര്‍ഷിക പണപ്പെരുപ്പ നിരക്കിലുണ്ടാകുന്ന ആദ്യ ഇടിവ് കൂടിയാണിതെന്നും സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ജൂലൈയില്‍ ഗ്യാസ് വില 9.2 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ജൂലൈയില്‍ ഗ്യാസ് വില 35.6 ശതമാനം ഉയര്‍ന്നെങ്കിലും ജൂണിലെ 54.6 ശതമാനം വര്‍ധന എന്നതില്‍ നിന്നും താഴേക്ക് പോയി. എങ്കിലും പണപ്പെരുപ്പത്തിന്റെ പിരിമുറുക്കം കനേഡിയന്‍ ജനതയില്‍ കാണാന്‍ കഴിയും. കാരണം, ഭക്ഷ്യവില ഒരു വര്‍ഷം മുമ്പുള്ളതിനെ അപേക്ഷിച്ച് 9.9 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ഇത് 1981 ഓഗസ്റ്റിനു ശേഷമാണ് ഏറ്റവും ഉയര്‍ന്ന വര്‍ധനവാണ്. 

മന്ദഗതിയിലായ ആഗോള സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട് നിലവിലുള്ള ആശങ്കകളും ചൈനയിലെ വര്‍ധിച്ചുവരുന്ന കോവിഡ് നിയന്ത്രണങ്ങളും യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ പെട്രോളിന്റെ ഡിമാന്‍ഡ് മന്ദഗതിയിലായതും ക്രൂഡ് ഓയിലിന്റെ ലോകമെമ്പാടുമുള്ള ഡിമാന്‍ഡ് കുറയുന്നതിന് കാരണമായി. ഇത് ഗ്യാസ് വിലയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം ഗോതമ്പ് വിലയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് തുടരുന്നതിനാല്‍ ഉയര്‍ന്ന ഇന്‍പുട്ട് ചെലവുകള്‍ക്കിടയില്‍ ബേക്കറി ഉല്‍പ്പന്നങ്ങളുടെ വില കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13.6 ശതമാനം ഉയര്‍ന്നു. മുട്ടയുടെ വില 15.8 ശതമാനവും ഫ്രഷ് ഫ്രൂട്ട് 11.7 ശതമാനവും ഉള്‍പ്പെടെയുള്ള മറ്റ് ഭക്ഷ്യ ഉല്‍പന്നങ്ങളുടെ വിലയും അതിവേഗം വര്‍ധിച്ചു. 

ഉയര്‍ന്ന പലിശനിരക്കുകള്‍ക്കൊപ്പം മോര്‍ട്ട്‌ഗേജ് ചെലവുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍, വീട് വാടക വര്‍ധിക്കുന്നതായും ജൂലൈയില്‍ മുന്‍ മാസത്തേക്കാള്‍ വേഗത്തില്‍ ഉയരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.