ആല്‍ബെര്‍ട്ട വൈറ്റ്‌കോര്‍ട്ട് പാര്‍ക്കിലെ കുളത്തില്‍ വീണ് മരിച്ച 14കാരന്റെ മൃതദേഹം കണ്ടെത്തി 

By: 600002 On: Aug 17, 2022, 6:00 AM
ഞായറാഴ്ച ആല്‍ബെര്‍ട്ടയിലെ വൈറ്റ്‌കോര്‍ട്ടിലെ കുളത്തില്‍ വീണ് കാണാതായ 14 വയസ്സുള്ള ആണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതായി പോലീസ് അറിയിച്ചു. എഡ്മന്റണ്‍ സ്വദേശിയായ ഹസന്‍ മുഹമ്മദെന്ന കൗമാരക്കാരനാണ് കുളത്തില്‍ വീണുമരിച്ചത്. രണ്ട് ദിവസത്തെ തിരച്ചിലിനൊടുവില്‍ ചൊവ്വാഴ്ച രാവിലെ 10.18 ഓടെ മുങ്ങല്‍ വിദഗ്ധര്‍ മൃതദേഹം കണ്ടെടുക്കുകയായിരുന്നുവെന്ന് ആര്‍സിഎംപി പറഞ്ഞു.  

റോട്ടറി പാര്‍ക്ക് ഔട്ട്‌ഡോര്‍ വാട്ടര്‍പാര്‍ക്കിലെ പോണ്ട് ഏരിയയില്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ഹസന്‍ മുഹമ്മദിനെ അവസാനമായി കണ്ടത്. തന്റെ ഇരട്ടസഹോദരനൊപ്പം കുളത്തില്‍ കളിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നുവെന്ന് ഹസന്റെ അമ്മ പറഞ്ഞു. കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങളില്‍ കാലതാമസമുണ്ടായതായി മാതാപിതാക്കള്‍ കുറ്റപ്പെടുത്തി. പാര്‍ക്കില്‍ സുരക്ഷാ മുന്നറിയിപ്പുകളും ഉണ്ടായിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു.  

കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് റോട്ടറി പാര്‍ക്ക് ഔട്ട്‌ഡോര്‍ വാട്ടര്‍പാര്‍ക്ക് അടച്ചിരുന്നു.