വില്‍പനക്കാരുടെ തട്ടിപ്പ്: പാക്കിസ്ഥാനില്‍ ആമസോണ്‍ മരവിപ്പിച്ചത് 13,000 അക്കൗണ്ടുകള്‍

By: 600002 On: Aug 16, 2022, 11:52 AM


പാക്കിസ്ഥാനില്‍ ആമസോണിന്റെ സെല്ലര്‍ അക്കൗണ്ടുകള്‍ ചിലര്‍ ദുരുപയോഗം ചെയ്യുന്നു എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അക്കൗണ്ടുകള്‍ക്കെതിരെ ആമസോണ്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ്. ഇത്തരം 13,000 അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ വര്‍ഷം മെയ് 21 നാണ്, ആമസോണിന്റെ സെല്ലര്‍ അക്കൗണ്ടുകള്‍ പാകിസ്ഥാനില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 

ആമസോണ്‍ സെല്ലര്‍ പ്രോഗ്രാമില്‍ ചേര്‍ന്ന് പരിശീലനം നേടിയവര്‍ക്കു മാത്രമേ ആദ്യം സെല്ലര്‍ അക്കൗണ്ടുകള്‍ തുറക്കാന്‍ സാധിച്ചിരുന്നുള്ളൂ. ഒരു സെല്ലര്‍ അക്കൗണ്ട് തുറക്കാന്‍ ചെറിയൊരു ഫീസും നല്‍കേണ്ടിയിരുന്നു. പരിശീലനം ലഭിച്ച വില്‍പനക്കാര്‍ മാത്രമാണ് ആദ്യം ആമസോണിന്റെ സെല്ലര്‍ അക്കൗണ്ടുകള്‍ തുറന്നത്.

തുടക്കത്തില്‍, പാകിസ്ഥാനിലെ ചെറുകിട ബിസിനസുകാര്‍ ചില ഉല്‍പന്നങ്ങള്‍ അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യുകയും ആമസോണ്‍ വഴി വില്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട്, നിയമപരമല്ലാത്ത മാര്‍ഗങ്ങളിലൂടെ ചിലര്‍ സെല്ലര്‍ അക്കൗണ്ടുകള്‍ തുടങ്ങി. പരിശീലനം ലഭിച്ചിട്ടില്ലാത്ത നിരവധി പാകിസ്ഥാന്‍ ചെറുപ്പക്കാര്‍ ആമസോണില്‍ നിന്നും വരുമാനം നേടാന്‍ ഇത് ഉപയോഗപ്പെടുത്താന്‍ തുടങ്ങി. അധിക പണം സമ്പാദിക്കാന്‍ ഇവര്‍ ചില തന്ത്രങ്ങളും ഉപയോഗിക്കാനും ആരംഭിച്ചു. ഇതിനെ തുടര്‍ന്നാണ് കടുത്ത നടപടികളുമായി മുന്നോട്ട് പോകുന്നുവെന്ന് ആമസോണ്‍ അറിയിച്ചത്. മിയാന്‍ ചാനുവിലും സഹിവാളിലുമാണ് ഇത്തരം തട്ടിപ്പുകാര്‍ കൂടുതലെന്നും ഇവ റെഡ് സോണുകളായി കണക്കാക്കുമെന്നും ആമസോണ്‍ പറഞ്ഞു.