വിദ്യാഭ്യാസ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് വേതന വര്‍ധന വാഗ്ദാനം ചെയ്ത് ഒന്റാരിയോ സര്‍ക്കാര്‍. 40,000 ഡോളറില്‍ താഴെ വാര്‍ഷിക വരുമാനം നേടുന്ന ജീവനക്കാര്‍ക്ക് പ്രതിവര്‍ഷം രണ്ട് ശതമാനവും മറ്റുള്ളവര്‍ക്ക് 1.25 ശതമാനവും വര്‍ധനവാണ് നിര്‍ദ്ദേശിക്കുന്നത്. നാല് വര്‍ഷത്തെ കരാറാണിത്. കനേഡിയന്‍ യൂണിയന് ഓഫ് പബ്ലിക് എംപ്ലോയീസുമായി(സിയുപിഇ) നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ തിങ്കളാഴ്ചയാണ് നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.
മുന്‍ കരാറുകള്‍ 2019 ല്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ബില്‍ 124 ന് വിധേയമായിരുന്നു. പൊതുമേഖലാ ജീവനക്കാര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് വേതനം ഒരു ശതമാനമായി ഉയര്‍ത്തി. സിയുപിഇയും മറ്റ് യൂണിയനുകളും വേതന നിയന്ത്രണത്തിന് നഷ്ടപരിഹാരം നല്‍കുന്നതിനും വര്‍ധിച്ചുവരുന്ന ജീവിതച്ചെലവിന് പരിഹാരം കാണുന്നതിനും സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയായിരുന്നു.
അതേസമയം, സിയുപിഇ പ്രവിശ്യയോട് 11.7 ശതമാനം വാര്‍ഷിക വേതന വര്‍ധനവ് ആവശ്യപ്പെട്ടിട്ടുണ്ട്(അല്ലെങ്കില്‍ മണിക്കൂറില്‍ 3.25 ഡോളര്‍). എന്നാല്‍ സര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശം ന്യായവും ജീവനക്കാര്‍ക്ക് സ്ഥിരത നല്‍കുന്നതുമാണെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി സ്റ്റീഫന്‍ ലെക്സെയുടെ പ്രതികരണം.