ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന് ഫിഫയുടെ വിലക്ക് 

By: 600002 On: Aug 16, 2022, 10:06 AM


ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് ഫിഫയുടെ വിലക്ക്. നിയമങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷന്‍ ഇന്ത്യന്‍ ഫുട്‌ബോളിന് വിലക്ക് ഏര്‍പ്പെടുത്തിയത്. നടപടി എടുത്ത വിവരം ഫിഫ വെബ്‌സൈറ്റിലൂടെയാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യക്ക് രാജ്യാന്തര മത്സരങ്ങള്‍ കളിക്കാനാകില്ല. ഒക്ടോബറില്‍ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പും ഇതോടെ ഇന്ത്യക്ക് നഷ്ടമാകുന്ന സ്ഥിതിയാണുള്ളത്.

ഫിഫ വിലക്ക് ഏര്‍പ്പെടുത്തിയതോടെ ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്റെ അംഗീകാരം നഷ്ടമാകുകയും അത് സാധുതയില്ലാത്ത സംഘടനയായി മാറുകയും ചെയ്തു. അസോസിയേഷന്‍ ഭരണത്തില്‍ പുറത്ത് നിന്നുള്ള ഇടപെടല്‍ ഉണ്ടായതാണ് വിലക്കിന് കാരണം. ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ ഭരണസമിതിയെ പിരിച്ചുവിട്ട് സുപ്രീം കോടതി ഒരു താത്കാലിക ഭരണ സമിതി ഉണ്ടാക്കിയിരുന്നു. ഇത് ഫിഫയുടെ ചട്ടങ്ങള്‍ക്ക് എതിരാണ്. ഇതാണ് വിലക്കിന് കാരണമായതെന്നാണ് ലഭിക്കുന്ന വിവരം.

വിലക്ക് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഫിഫയുടെ https://www.fifa.com/ വെബ്‌സൈറ്റില്‍ നിന്നും മനസ്സിലാക്കാം.