ടൊറന്റോയിലെയും വാന്‍കുവറിലെയും വിദഗ്ധ തൊഴിലാളികളെ ആകര്‍ഷിക്കാന്‍ റിക്രൂട്ട്‌മെന്റ് ക്യാമ്പയിനുമായി ആല്‍ബെര്‍ട്ട സര്‍ക്കാര്‍ 

By: 600002 On: Aug 16, 2022, 8:20 AM



 

ടൊറന്റോ, വാന്‍കുവര്‍ എന്നിവടങ്ങളില്‍ നിന്നുള്ള വിദഗ്ധ തൊഴിലാളികളെ പ്രവിശ്യയിലേക്ക് ആകര്‍ഷിക്കാന്‍ പദ്ധതിയുമായി ആല്‍ബെര്‍ട്ട സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി റിക്രൂട്ട്‌മെന്റ് ക്യാമ്പയിന്‍ തിങ്കളാഴ്ച രാവിലെ ആരംഭിച്ചതായി ജേസണ്‍ കെന്നി അറിയിച്ചു. 

തൊഴിലവസരങ്ങള്‍ കൊണ്ട് പ്രവിശ്യയെ വളര്‍ച്ചയിലേക്ക് നയിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പ്രവിശ്യ പാന്‍ഡെമിക്കിന്റെ ആഘാതങ്ങളെയെല്ലാം തരണം ചെയ്ത് വീണ്ടും വലിയ രീതിയില്‍ തിരിച്ചെത്തിയിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം കാനഡയില്‍ 68,000 പേര്‍ ജോലി ചെയ്യുന്ന ആല്‍ബെര്‍ട്ടയാണ് ഏറ്റവും ഉയര്‍ന്ന തൊഴില്‍ വളര്‍ച്ച നേടിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

വാന്‍കുവറിലെയും ടൊറന്റോയിലെയും ബസ് ഷെല്‍ട്ടറുകള്‍, ട്രാന്‍സിറ്റ്, റേഡിയോ, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ നല്‍കുന്ന പരസ്യങ്ങളിലൂടെ 'ആല്‍ബെര്‍ട്ട ഈസ് കോളിംഗ്' എന്ന പേരില്‍ ക്യാമ്പയിന്‍ ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

ടൊറന്റോ, വാന്‍കുവര്‍ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആല്‍ബെര്‍ട്ടയില്‍ ജീവിത ചെലവ് വളരെ കുറവാണ്. 'പ്രവിശ്യയിലെ താങ്ങാനാകുന്ന വില' എന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ക്യാമ്പയിന് ഏകദേശം 2.6 മില്യണ്‍ ഡോളര്‍ ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.  'ആല്‍ബെര്‍ട്ട ഈസ് കോളിംഗ്' പറ്റിയുള്ള കൂടുതൽ വിവരങ്ങൾ https://welcome.albertaiscalling.ca/ എന്ന ലിങ്കിൽ ലഭ്യമാണ്.