ഹൈദരാബാദില്‍ ബാറ്ററി പൊട്ടിത്തെറിച്ച് രണ്ട് ഇലക്ട്രിക് ബൈക്കുകള്‍ കത്തിനശിച്ചു 

By: 600002 On: Aug 16, 2022, 7:51 AM

 

ചാര്‍ജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച് രണ്ട് ഇലക്ട്രിക് ബൈക്കുകള്‍ക്ക് തീപിടിച്ചു. കുഷൈഗുഡ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ആര്‍ക്കും പരിക്കില്ല. ഹരി ബാബു എന്നയാള്‍ അടുത്തിടെ വാങ്ങിയ രണ്ട് ഇലക്ട്രിക് ബൈക്കുകളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. 

വൈകിട്ട് നാല് മണിയോടെ വീടിന് മുന്നില്‍ രണ്ട് ബൈക്കുകളും ചാര്‍ജ്ജ് ചെയ്ത് വെച്ചിരിക്കുകയായിരുന്നു. ഒരു മണിക്കൂറിന് ശേഷം വലിയ സ്ഫോടന ശബ്ദം കേട്ട് വീടിന് പുറത്തേക്ക് വന്നപ്പോഴാണ് ഇരുചക്രവാഹനങ്ങളും കത്തിനശിക്കുന്നത് കണ്ടത്. തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും രണ്ടു ബൈക്കും പൂര്‍ണമായും കത്തിനശിച്ചിരുന്നു. സമീപത്തെ വൈദ്യുത കമ്പിയിലേക്കും തീ പടര്‍ന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു.

മൂന്ന് ദിവസത്തിനിടെ ഹൈദരാബാദില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ശനിയാഴ്ച വനസ്ഥലിപുരം എന്‍ജിഒ കോളനിയില്‍ ഇലക്ട്രിക് ബൈക്കിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് ചാര്‍ജ് ചെയ്യുന്നതിനായി കോട്ടേശ്വര് റാവു എന്നയാള്‍ സ്വിച്ച് ഓണ്‍ ചെയ്തപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കൈകളിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.