പാസ്‌പോര്‍ട്ട് അപേക്ഷ: കാത്തിരിപ്പ് ഒഴിവാക്കാന്‍ വ്യാജ യാത്രയ്ക്ക് ടിക്കറ്റ് ബുക്കിംഗ് നടത്തുന്നത് ഒഴിവാക്കണമെന്ന് ജനങ്ങളോട് മന്ത്രി 

By: 600002 On: Aug 16, 2022, 7:12 AM


കാനഡയിലെ ചിലര്‍ തങ്ങളുടെ പാസ്‌പോര്‍ട്ട് അപേക്ഷ പട്ടികയില്‍ ഇടംപിടിക്കുന്നതിനായി വ്യാജ യാത്ര ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഫാമിലി, ചില്‍ഡ്രന്‍, സോഷ്യല്‍ ഡെവലപ്‌മെന്റ് മന്ത്രി കരിന ഗൗള്‍ഡ്. പാസ്‌പോര്‍ട്ടിനായി കാത്തിരിക്കുന്നവരെ ഒഴിവാക്കി വേഗത്തില്‍ പാസ്‌പോര്‍ട്ട് ലഭ്യമാക്കാന്‍ ഇത്തരത്തില്‍ വ്യാജ യാത്രാ പദ്ധതികള്‍ തയാറാക്കുന്നതില്‍ നിന്നും ആളുകള്‍ പിന്തിരിയണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. 

കെട്ടിക്കിടക്കുന്ന പാസ്‌പോര്‍ട്ട് അപേക്ഷകള്‍ പരിശോധിച്ച് നടപടികള്‍ വേഗത്തിലാക്കാന്‍ പാസ്‌പോര്‍ട്ട് ഓഫീസുകള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. രണ്ട് വര്‍ഷത്തിനു ശേഷം അന്താരാഷ്ട്ര യാത്രകള്‍ സജീവമാകാന്‍ തുടങ്ങിയതോടെയാണ് പാസ്‌പോര്‍ട്ട് അപേക്ഷകള്‍ വര്‍ധിച്ചു തുടങ്ങിയത്. അടിയന്തര യാത്രകള്‍ക്കായി പാസ്‌പോര്‍ട്ട് അപേക്ഷ നല്‍കിയവര്‍ക്ക് യാത്ര ചെയ്യുന്നതിന്റെ തെളിവുകള്‍ രേഖാ മൂലം കാണിക്കണം. എങ്കില്‍ അവരുടെ പാസ്‌പോര്‍ട്ട് വേഗത്തിലാക്കാന്‍ സാധിക്കും. അതിനാല്‍ വ്യാജ യാത്രകള്‍ ബുക്ക് ചെയ്ത് പാസ്‌പോര്‍ട്ട് ലഭ്യമാക്കാന്‍ ആളുകള്‍ ശ്രമിക്കുന്നു. ഇത് നിരുത്സാഹപ്പെടുത്തേണ്ടതാണെന്ന് ഗൗള്‍ഡ് മാധ്യമങ്ങളോട് പറഞ്ഞു. 

പാസ്‌പോര്‍ട്ട് ഓഫീസുകളിലെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയുകയും വലിയ തോതില്‍ സാധാരണ നിലയിലായിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതിനാല്‍ പാസ്‌പോര്‍ട്ടിനായി അപേക്ഷിച്ചവര്‍ക്ക് അധിക സമയം കാത്തിരിക്കേണ്ടി വരില്ലെന്നും ഗൗള്‍ഡ് കൂട്ടിച്ചേര്‍ത്തു.