ബീസിയില്‍ വീണ്ടും ചികിത്സയ്ക്കായി ദീര്‍ഘനേരം കാത്തിരുന്ന രോഗി മരിച്ചതായി റിപ്പോര്‍ട്ട്. ആഷ്ക്രോഫ്റ്റ് സ്വദേശിയാണ് ഹൃദയാഘാതം മൂലം മരിച്ചത്. ഒരു മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ബീസിയില്‍ ചികിത്സയ്ക്കായുള്ള കാത്തിരിപ്പിനൊടുവില്‍ രോഗി മരിക്കുന്നത്.
പ്രഭാത നടത്തത്തനിടെ ഇയാള്‍ക്ക് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ലോക്കല്‍ ആംബുലന്‍സ് സ്റ്റേഷന്റെ പരിധിയില്‍ തന്നെയായിരുന്നു സംഭവം. എന്നാല്‍ ഏറ്റവും അടുത്തുള്ള പാരമെഡിക്കുകള്‍ എത്തണമെങ്കില്‍ 30 മിനുട്ടെങ്കിലും വേണമായിരുന്നു. അത്രയും നേരം രോഗി കാത്തിരിക്കേണ്ടി വന്ന ദയനീയമായ അവസ്ഥയായിരുന്നുവെന്ന് മേയര്‍ ബാര്‍ബറ റോഡെന്‍ രോഗിയുടെ മരണത്തെ അപലപിച്ചുകൊണ്ട് പറഞ്ഞു. സന്നദ്ധ പ്രവര്‍ത്തകരായ അഗ്നിശമന സേനാംഗങ്ങളെ വിളിച്ചിരുന്നെങ്കിലും അവര്‍ക്ക് ആരോഗ്യ പരിരക്ഷ സംബന്ധിച്ച് വേണ്ടത്ര പരിശീലനം ലഭിച്ചിരുന്നില്ല. പ്രാഥമിക ശുശ്രൂഷ നല്കിയ അവര്‍ പാരാമെഡിക്കുകള്‍ എത്തുന്നതു വരെ രോഗിക്ക് സിപിആര്‍ നല്‍കിയിരുന്നുവെന്നും മേയര്‍ ചൂണ്ടിക്കാട്ടി.
മതിയായ അംബുലന്സുകളോ പാരാമെഡിക്കുകളുടെ സേവനമോ സാധാരണ ജനങ്ങള്‍ക്ക് ലഭ്യമല്ലാത്ത സ്ഥിതിയാണ് ഇപ്പോള്‍ പ്രവിശ്യയിലുള്ളതെന്ന് മേയര്‍ പറയുന്നു. അടിയന്തര ഘട്ടങ്ങളില്‍ രോഗികള്‍ക്ക് ജീവന് നഷ്ടമാകുന്ന അവസ്ഥയാണുള്ളത്. ഇതിന് ഉടന്‍ പരിഹാരമുണ്ടാക്കിയേ തീരൂ എന്ന് മേയര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാസമാണ് ആഷ്ക്രോഫ്റ്റ് ആശുപത്രിയുടെ സമീപത്തുള്ള ഒരു കെയര്‍ ഹോമിലെ വൃദ്ധനായ അന്തേവാസി ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചത്. ജീവനക്കാരുടെ കുറവ് മൂലം അന്ന് അത്യാഹിത വിഭാഗം അടച്ചിട്ടിരിക്കുകയായിരുന്നു.