മുകേഷ് അംബാനിയെ അപായപ്പെടുത്തുമെന്ന് അജ്ഞാതന്റെ ഭീഷണി സന്ദേശം 

By: 600002 On: Aug 15, 2022, 11:42 AM


റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെയും കുടുംബത്തെയും അപായപ്പെടുത്തുമെന്ന് അജ്ഞാതന്റെ ഭീഷണി സന്ദേശം. മുംബൈയിലെ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയിലാണ് ഫോണ്‍ വിളി എത്തിയത്. ഇതുസംബന്ധിച്ച് ഡിബി മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ട്. 

മുകേഷ് അംബാനിയെയും കുടുംബത്തെയും അപായപ്പെടുത്തുമെന്നാണ് റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ വിളിച്ച അജ്ഞാതനായ ആള്‍ പറഞ്ഞത്. താന്‍ ഒരു തീവ്രവാദിയാണെന്നും, മുകേഷ് അംബാനിയെയും കുടുംബത്തെയും കാണിച്ചുകൊടുക്കുമെന്നും വിളിച്ചയാള്‍ പറഞ്ഞു. മുകേഷ് അംബാനി മുംബൈയിലെ ഭീകരവിരുദ്ധസേനയെയും എന്‍ഐഎയെയും ദുരുപയോഗം ചെയ്യുകയാണെന്നും വിളിച്ചയാള്‍ പറഞ്ഞതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഭീഷണി ഫോണ്‍ സന്ദേശം എത്തിയതോടെ മുകേഷ് അംബാനിയ്ക്കും കുടുംബത്തിനുമുള്ള സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്ന് മുംബൈ പൊലീസിലെ ഉന്നതന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിന്റെ ഭാഗമായി അംബാനിയുടെ വസതിയായ ആന്റിലിയയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ നടപടി തുടങ്ങിയതായും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.