വിമാനജീവനക്കാരോട് മോശമായി പെരുമാറി; വാതിലുകള്‍ ബലമായി തുറക്കാന്‍ ശ്രമിച്ചു; കനേഡിയന്‍ യാത്രക്കാരനെ അറസ്റ്റ് ചെയ്തു 

By: 600002 On: Aug 15, 2022, 11:30 AM


പോളണ്ടില്‍ നിന്നും ടൊറന്റോയിലേക്ക് പറന്ന വിമാനത്തില്‍ വിമാനജീവനക്കാരോട് മോശമായി പെരുമാറിയ കനേഡിയന്‍ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പോളണ്ടിലെ വാഴ്‌സോയില്‍ നിന്നും ടൊറന്റോയിലേക്ക് യാത്ര തിരിച്ച LOT Polish Airlines flight 41 ല്‍ സഞ്ചരിച്ച യാത്രക്കാരനാണ് അക്രമാസക്തനാവുകയും ജീവനക്കാരോട് തട്ടിക്കയറുകയും ചെയ്തത്. സംഭവത്തെ തുടര്‍ന്ന് വിമാനം ഐസ്‌ലാന്‍ഡിലേക്ക് തിരിച്ചുവിടേണ്ടി വന്നു. ഇത് മറ്റ് യാത്രക്കാരെ സാരമായി ബാധിച്ചു. 

വിമാനം പുറപ്പെട്ട് കുറച്ച് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ കനേഡിയന്‍ യാത്രക്കാരന്‍ ആവശ്യപ്പെട്ട മദ്യം നല്‍കാന്‍ ജീവനക്കാരന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് തര്‍ക്കം ആരംഭിച്ചതെന്ന് എയര്‍ലൈന്‍ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഇയാള്‍ എഴുന്നേറ്റ് ജീവനക്കാരെ ചീത്ത വിളിക്കുകയും ആക്രോശിക്കുകയും ചെയ്തതായി എയര്‍ലൈന്‍ അധികൃതര്‍ പറഞ്ഞു. ജീവനക്കാര്‍ക്ക് നേരെ വാട്ടര്‍ ബോട്ടിലുകള്‍ എറിയുകയും ചെയ്തു. 

അക്രമാസക്തനായ ഇയാളെ ചില യാത്രക്കാര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ യാത്രക്കാര്‍ക്ക് നേരെയും ഇയാളുടെ ആക്രോശം തുടര്‍ന്നു. യാത്രക്കാര്‍ക്ക് നേരെ തുപ്പിയതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് വിമാനത്തിന്റെ ഡോറുകള്‍ ശക്തി ഉപയോഗിച്ച് തുറക്കാന്‍ ശ്രമിച്ചു. ഇതേ തുടര്‍ന്ന് വിമാനം റെയ്ജാവിക്കില്‍ ഇറക്കാന്‍ പൈലറ്റ് തീരുമാനമെടുത്തു. ലാന്‍ഡിംഗിനായി യാത്രക്കാരനെ സീറ്റില്‍ പിടിച്ചിരുത്തി. റെയ്ജാവിക്കില്‍ ഇറങ്ങിയ ഉടന്‍ പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു. 

ക്രൂ റെസ്ട്രിക്ഷന്‍സ് ഉള്ളതിനാല്‍ വിമാനം റെയ്ജാവിക്കില്‍ നിന്ന് വാഴ്‌സോയിലേക്ക് മടങ്ങിയെന്ന് എയര്‍ലൈന്‍ അറിയിച്ചു. ശനിയാഴ്ച ടൊറന്റോയിലേക്കുള്ള വിമാനത്തിന് മുമ്പ് യാത്ര മുടങ്ങിയ എല്ലാ യാത്രക്കാര്‍ക്കും ഹോട്ടല്‍ മുറികള്‍ നല്‍കിയെന്നും ആരും ബുദ്ധിമുട്ടിലായില്ലെന്നും കമ്പനി അറിയിച്ചു. 

പ്രശ്‌നമുണ്ടാക്കിയ യാത്രക്കാരനെതിരെ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.