സല്‍മാന്‍ റുഷ്ദിക്ക് എതിരായ ആക്രമണത്തെ അഭിനന്ദിച്ച് ഇറാന്‍ മാധ്യമങ്ങള്‍

By: 600002 On: Aug 15, 2022, 7:43 AM


എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് എതിരായ ആക്രമണത്തെ അഭിനന്ദിച്ച് ഇറാന്‍ മാധ്യമങ്ങള്‍. അക്രമി ഹാദി മാതറിനെ പ്രശംസിച്ചുകൊണ്ടുള്ള വാര്‍ത്താ തലക്കെട്ടുകള്‍ ഇറാനിയന്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ പരമോന്നത നേതാവ് അലി ഖൊമേനി നേരിട്ട് ചീഫ് എഡിറ്ററെ നിയമിച്ചിട്ടുള്ള കെയ്ഹാന്‍ ദിനപത്രം ന്യൂയോര്‍ക്കില്‍ വിശ്വാസത്യാഗിയും ദുഷ്ടനുമായ സല്‍മാന്‍ റുഷ്ദിയെ ആക്രമിച്ച  ധീരനായ വ്യക്തിക്ക് ആയിരം അഭിനന്ദനങ്ങള്‍ എന്ന് എഴുതിയതായും റിപ്പോര്‍ട്ടുണ്ട്. 'ദൈവത്തിന്റെ ശത്രുവിന്റെ കഴുത്ത് കീറിയ മനുഷ്യനെ ചുംബിക്കണം' എന്നും ലേഖനത്തില്‍ പറയുന്നു.

മറ്റൊരു ഇറാനിയന്‍ ദിനപത്രമായ വാതന്‍ എമറൂസില്‍ 'സല്‍മാന്‍ റുഷ്ദിയുടെ കഴുത്തില്‍ കത്തി'  എന്നാണ്  ആക്രമണത്തെ കുറിച്ച് പ്രസിദ്ധീകരിച്ചത്. 'നരകത്തിലേക്കുള്ള വഴിയില്‍ സാത്താന്‍' എന്ന തലക്കെട്ടോടെയാണ് ഖൊറാസാന്‍ ദിനപത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചത്.