വാന്‍കുവറില്‍ ലിഥിയം അയേണ്‍ ബാറ്ററി പൊട്ടിത്തെറിച്ചുള്ള അപകടമരണങ്ങള്‍ വര്‍ധിക്കുന്നു 

By: 600002 On: Aug 15, 2022, 7:31 AM

 

ലിഥിയം അയേണ്‍ ബാറ്ററി മൂലമുണ്ടാകുന്ന അപകടങ്ങളും തുടര്‍ന്നുണ്ടാകുന്ന മരണങ്ങളും വാന്‍കുവറില്‍ വര്‍ധിക്കുന്നതായി വാന്‍കുവര്‍ ഫയര്‍ റെസ്‌ക്യു സര്‍വീസസിലെ(വിഎഫ്ആര്‍എസ്) ഫയര്‍ പ്രിവന്‍ഷന്‍ ഓഫീസര്‍ ഡേവ് മെയര്‍സ്. ഈ വര്‍ഷം മാത്രം  ലിഥിയം അയേണ്‍ ബാറ്ററി പൊട്ടിത്തെറിച്ചുണ്ടായ 20 ഓളം അപകടങ്ങളാണ് വാന്‍കുവറില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ അഞ്ച് അപകടങ്ങളിലും ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 

2016 മുതല്‍ ലിഥിയം അയേണ്‍ ബാറ്ററി മൂലമുണ്ടാകുന്ന തീപിടുത്തങ്ങള്‍ 500 ശതമാനം വര്‍ധിച്ചു. ലിഥിയം അയേണ്‍ ബാറ്ററി പൊട്ടിത്തെറിച്ചാല്‍ തീ അതിവേഗം പടരുകയും നിരവധി നാശനഷ്ടങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു. കഴിഞ്ഞയാഴ്ച, വാന്‍കുവറിലെ എസ്ആര്‍ഒ ബില്‍ഡിംഗുകളില്‍ ലിഥിയം-അയേണ്‍ ബാറ്ററി പൊട്ടിത്തെറിച്ച് രണ്ട് തീപിടുത്തങ്ങള്‍ ഉണ്ടായി. പരിഷ്‌കരിച്ച ഇ-ബൈക്ക് ചാര്‍ജറുകളാണ് തീപിടുത്തത്തിനു കാരണമായതായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. 

ലിഥിയം-അയേണ്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ ശരിയായി ഉപയോഗിക്കുകയും സൂക്ഷിക്കുകയും ചെയ്യുകയാണെങ്കില്‍ അപൂര്‍വമായി മാത്രമേ തീപിടുത്തമുണ്ടാവുകയുള്ളൂവെന്ന് മെയര്‍സ് പറയുന്നു. എങ്കിലും പരിഷ്‌കരിച്ച ചാര്‍ജറുകളും ബാറ്ററികളും തീപിടുത്ത സാധ്യത വര്‍ധിപ്പിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഇ-ബൈക്കുകള്‍ ഉള്‍പ്പെടെയുള്ള പ്രൊഡക്ടുകളില്‍ തേഡ്-പാര്‍ട്ടി ബാറ്ററികളാണ് പൊട്ടിത്തെറിക്ക് കാരണമാകുന്നതെന്നാണ് കൂടുതലായും കണ്ടിട്ടുള്ളതെന്ന് ബാറ്ററി വേള്‍ഡ് പ്രസിഡന്റ് റിച്ചാര്‍ഡ് ഗ്രാന്‍ഹോം പറയുന്നു.