ജൂലൈയില്‍ ഒന്റാരിയോയിലെ ശരാശരി വാടക ഉയര്‍ന്നു: റിപ്പോര്‍ട്ട് 

By: 600002 On: Aug 15, 2022, 6:39 AM


ഒന്റാരിയോയില്‍ ഒരു വീട് വാടകയ്‌ക്കെടുക്കുന്നതിനുള്ള ചെലവ് ജൂലൈയില്‍ കാനഡയിലെ മറ്റെല്ലാ പ്രവിശ്യകളെക്കാളും ഉയര്‍ന്നതായി റിപ്പോര്‍ട്ട്. Rentals.ca, Bullpen Research and Consulting  എന്നിവര്‍ സംയുക്തമായി പുറത്തിറക്കിയ ദേശീയ വാടക റിപ്പോര്‍ട്ടില്‍ ജൂലൈയിലെ എല്ലാത്തരം വാസസ്ഥലങ്ങളുടെയും ഏറ്റവും ഉയര്‍ന്ന ശരാശരി വാടകയുടെ കാര്യത്തില്‍ ഒന്റാരിയോ രണ്ടാം സ്ഥാനത്താണ്. 

ഒന്റാരിയോയെ മറികടന്ന ഒരേയൊരു പ്രവിശ്യ, വര്‍ഷം തോറും 19 ശതമാനം വര്‍ധനവ് രേഖപ്പെടുത്തുന്ന ബീസിയാണ്. ബീസിയിലാണ് ഏറ്റവും ഉയര്‍ന്ന ശരാശരി വാടക. 3.1 ശതമാനം  പ്രതിമാസ വര്‍ധനവും 15.2 ശതമാനം വാര്‍ഷിക വര്‍ധനവും രേഖപ്പെടുത്തി ഒന്റാരിയോയില്‍ ജൂലൈയില്‍ ശരാശരി റെസിഡന്‍ഷ്യല്‍ വാടക പ്രതിമാസം 2,332 ഡോളര്‍ ആയി ഉയര്‍ന്നു. 

സെന്‍ട്രല്‍ ടൊറന്റോയിലെ ശരാശരി വാടക ജൂലൈയില്‍ വര്‍ഷം തോറും 24 ശതമാനം ഉയര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ടൊറന്റോയില്‍ വര്‍ഷം തോറും 21.6 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി ഒരു ബെഡ്റൂം യൂണിറ്റിന് ജൂലൈയില്‍ വാടക 2,257 ഡോളര്‍ ആയി ഉയര്‍ന്നു. രണ്ട് കിടപ്പുമുറികളുള്ള അപ്പാര്‍ട്ട്‌മെന്റിന്, വര്‍ധനവ് 25 ശതമാനം ഉയര്‍ന്ന് 3,259 ഡോളറിലെത്തി. നഗരത്തിലെ പ്രതിമാസ ശരാശരി വാടകയില്‍ ഒരു കിടപ്പുമുറിക്ക് നാല് ശതമാനവും രണ്ട് കിടപ്പുമുറികള്‍ക്ക് 7.8 ശതമാനവും വര്‍ധനയുണ്ടായി.

എറ്റോബിക്കോക്ക്, നോര്‍ത്ത് യോര്‍ക്ക്, സ്‌കാര്‍ബറോ എന്നീ പ്രദേശങ്ങളിലും ജൂലൈയില്‍ വാടകയില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായതായി ദേശീയ വാടക റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എറ്റോബിക്കോക്കില്‍, ഒരു ബെഡ്റൂം യൂണിറ്റ് വാടകയ്ക്കെടുക്കുന്നതിനുള്ള ശരാശരി വാടക ജൂലൈയില്‍ 2,007 ഡോളറും രണ്ട് കിടപ്പുമുറികള്‍ക്ക് 2,582-ഡോളറുമായി വര്‍ധിച്ചു. അതെസമയം, എറ്റോബിക്കോക്കിലെ ഒരു കിടപ്പുമുറിക്ക് 11.5 ശതമാനവും രണ്ട് കിടപ്പുമുറികള്‍ക്ക് 9.3 ശതമാനവും വര്‍ധന രേഖപ്പെടുത്തി.

നോര്‍ത്ത് യോര്‍ക്കില്‍, വാടകക്കാര്‍ കഴിഞ്ഞ മാസം ഒരു കിടപ്പുമുറിക്ക് ശരാശരി 1,913 ഡോളറും രണ്ട് കിടപ്പുമുറി സ്യൂട്ടിന് 2,469 ഡോളറും നല്‍കിയതായി ദേശീയ വാടക റിപ്പോര്‍ട്ട് കാണിക്കുന്നു. ജൂലൈയിലെ ശരാശരി പ്രതിമാസ വാടക നോര്‍ത്ത് യോര്‍ക്കിലെ ഒരു കിടപ്പുമുറിക്ക് 14.6 ശതമാനവും രണ്ട് കിടപ്പുമുറികള്‍ക്ക് 21.9 ശതമാനവും ഉയര്‍ന്നു.

ജിടിഎയുടെ മറ്റ് ഭാഗങ്ങളിലും വാടക വര്‍ധിക്കുന്നതായി ദേശീയ വാടക റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.