ഗ്രേറ്റര്‍ ടൊറന്റോയിലുടനീളമുള്ള ട്രാക്ടര്‍-ട്രെയ്ലര് കാര്‍ഗോ മോഷണങ്ങളുമായും വിവിധ കുറ്റകൃത്യങ്ങളുമായും ബന്ധപ്പെട്ട് 24 പേരെ അറസ്റ്റ് ചെയ്തതായി പീല്‍ റീജിയണല്‍ പോലീസ് അറിയിച്ചു. പീല്‍ മേഖലയിലും ജിടിഎയിലുമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടിത ക്രിമിനല്‍ ഗ്രൂപ്പിനെക്കുറിച്ച് ഈവര്‍ഷം തുടക്കം മുതല്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിനായി ക്രിമിനല്‍ ഇന്റലിജന്‍സ് സര്‍വീസ് ഒന്റാരിയോ ഡിപ്പാര്‍ട്ട്മെന്റിന്റെ ഫണ്ടിംഗിലൂടെ ഒരു പ്രത്യേക പ്രോജക്ട് ടീമിനെ നിയമിച്ചിരുന്നു.
തെക്കന്‍ ഒന്റാരിയോയിലുടനീളം അംഗങ്ങളെ റിക്രൂട്ട് ചെയ്യാനും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനും പ്രതികള്‍ ആക്രമണവും ഭീഷണിപ്പെടുത്തലുകളും നടത്തിയിരുന്നു. കൂടാതെ സാമ്പത്തികമായി പ്രതിഫലവും നല്‍കിയിരുന്നു. ആയുധം ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍, കള്ളക്കടത്ത്, മയക്കുമരുന്ന് കടത്ത്, എന്നിവ സംഘം നടത്തിയതായി കരുതുന്നുവെന്ന് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.
ഭീഷണിപ്പെടുത്തല്‍, കൊലപാതകം, ലോഡ് ചെയ്ത നിരോധിച്ചതോ നിയന്ത്രിതമായതോ ആയ തോക്ക് കൈവശം വെക്കല്‍, 5,000 ഡോളറില്‍ കൂടുതലുള്ള മോഷണം, വഞ്ചന തുടങ്ങി 54 ഓളം കുറ്റങ്ങളാണ് 24 പേര്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. പരിശോധനയില്‍ ഇവരില്‍ നിന്നും ഷോട്ട്ഗണ്‍, 1.1 മില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന 10 വാഹനങ്ങള്‍, 460,000 ഡോളറിലധികം വിലമതിക്കുന്ന ഹീറ്റിംഗ്, എയര്‍ കണ്ടീഷനിംഗ് യൂണിറ്റുകള്‍, 25,000 ഡോളറിലധികം വിലമതിക്കുന്ന അനധികൃത ഒപിയോയിഡുകള്‍, നാല് തോക്കുകള്‍ എന്നിവ അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്.