75-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ നിറവില്‍ രാജ്യം 

By: 600002 On: Aug 15, 2022, 5:16 AM


എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ നിറവില്‍ രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. വ്യോമസേനാ ഹെലികോപ്ടറുകള്‍ ചെങ്കോട്ടയില്‍ പുഷ്പവൃഷ്ടി നടത്തി. തുടര്‍ന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു. പുതിയ വികസനപദ്ധതികള്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

25 വര്‍ഷം കൊണ്ട് രാജ്യം കൈവരിക്കേണ്ട അഞ്ച് ലക്ഷ്യങ്ങള്‍ തന്റെ സുദീര്‍ഘമായ പ്രസംഗത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഓര്‍മിപ്പിച്ചു. വികസനത്തില്‍ രാജ്യത്തെ ഒന്നാമതാക്കും, ഏത് അടിമത്തവും അവസാനിപ്പിക്കും, രാജ്യത്തിന്റെ പൈതൃകത്തില്‍ പൗരന്മാര്‍ അഭിമാനിക്കണം, രാജ്യത്തിന്റെ ഐക്യം ഊട്ടിയുറപ്പിക്കും, പൗരന്മാര്‍ കടമ നിര്‍വഹിക്കണം എന്നീ അഞ്ച് ലക്ഷ്യങ്ങളാണ് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞത്.

പതാക ഉയര്‍ത്തുന്ന സമയത്ത് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അഡ്വാന്‍സ്ഡ് ടൗഡ് ആര്‍ടിലറി ഗണ്‍ സിസ്റ്റം ഉപയോഗിച്ചാണ് ഇരുപത്തിയൊന്ന് ആചാര വെടി മുഴക്കുന്നത്. 7000 അതിഥികളെയാണ് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന ആഘോഷത്തിന് ക്ഷണിച്ചത്. ഇവരില്‍ കൊവിഡ് മുന്നണി പോരാളികളും, മോര്‍ച്ചറി ജീവനക്കാരും, വഴിയോര കച്ചവടക്കാരും ഉള്‍പ്പെടുന്നു.