ഈജിപ്റ്റിൽ പള്ളിയിലുണ്ടായ തീപിടുത്തത്തിൽ 10 കുട്ടികളടക്കം 41 പേർ മരിച്ചു

By: 600007 On: Aug 14, 2022, 8:12 PM


ഞായറാഴ്ച ഈജിപ്തിന്റെ തലസ്ഥാനമായ കയ്‌റോയിൽ പ്രഭാത ശുശ്രൂഷയ്ക്കിടെ തിങ്ങിനിറഞ്ഞ കോപ്റ്റിക് ഓർത്തഡോക്സ് പള്ളിയിൽ ഉണ്ടായ തീപിടുത്തത്തിൽ 10 കുട്ടികളടക്കം 41 പേർ മരിച്ചു. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന നാല് പോലീസുകാർ ഉൾപ്പെടെ 16 പേർക്ക് പരിക്കേറ്റു.  തീപിടുത്തത്തിന്റെ കാരണം വ്യക്‌തമായിട്ടില്ല. വൈദ്യുത ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തുതിന്റെ പ്രാഥമിക കാരണമായി പോലീസ് വിലയിരുത്തുന്നത്.  കെയ്‌റോയിലെ ഏറ്റവും ജനസാന്ദ്രതയുള്ള ഇടുങ്ങിയ തെരുവിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്.

രാജ്യത്തെ ചീഫ് പ്രോസിക്യൂട്ടർ ഹമാദ എൽ-സവി അന്വേഷണത്തിന് ഉത്തരവിടുകയും പ്രോസിക്യൂട്ടർമാരുടെ ഒരു ടീമിനെ പള്ളിയിലേക്ക് അയക്കുകയും ചെയ്തു. പുക ശ്വസിച്ചാണ് കൂടുതൽ പേരും മരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷാ മാനദണ്ഡങ്ങളും അഗ്നിശമന നിയന്ത്രണങ്ങളും മോശമായി പാലിക്കപ്പെടുന്ന ഈജിപ്തിൽ സമീപ വർഷങ്ങളിലുണ്ടായ ഏറ്റവും വലിയ അഗ്നി ദുരന്തങ്ങളിലൊന്നാണ് ഞായറാഴ്ചത്തെ തീപിടുത്തം. കഴിഞ്ഞ വർഷം മാർച്ചിൽ കെയ്‌റോയ്ക്ക് സമീപമുള്ള വസ്ത്രനിർമ്മാണശാലയിലുണ്ടായ തീപിടുത്തത്തിൽ 20 പേർ മരിക്കുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.