
കേരളത്തിൽ അടയ്ക്കയ്ക്ക് റെക്കോര്‍ഡ് വില. ചില്ലറ വിപണിയിൽ ഒരെണ്ണത്തിന് പത്ത് രൂപയായിരുന്നു വെള്ളിയാഴ്ച അടയ്ക്കയുടെ വില. വിലവര്‍ധനവ് കമുക് കര്‍ഷകര്‍ക്ക് ആശ്വാസം നൽകുന്നതാണ്. മുന്‍പ് ചില്ലറവില്‍പ്പനയില്‍ രണ്ടും മൂന്നും രൂപയായിരുന്നു ഒരു അടയ്ക്കയുടെ വില. ഈ നിരക്ക് മുന്‍പെങ്ങുമുണ്ടായിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. കാലാവസ്ഥാ വ്യതിയാനം മൂലമാണ് ഉഷ്ണമേഖലാ വിളയായ അടയ്ക്കയ്ക്ക് ഇപ്പോൾ വിലവര്‍ധിക്കാൻ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
കേരളത്തിലെ അടയ്ക്കാ സീസണ്‍ കഴിയുമ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണ് അടയ്ക്ക എത്തിക്കുന്നത്. നേരത്തെ അടയ്ക്ക ഒരു കിലോയ്ക്ക് 100 രൂപയില്‍ താഴെ വിലയുണ്ടായിരുന്നത് ഇപ്പോള്‍ 200 രൂപയ്ക്ക് മുകളിലാണ് ലഭിക്കുന്നത്. 20 മുതല്‍ 25 എണ്ണം വരെയാണ് ഒരു കിലോയിലുണ്ടാകുക. വില കൂടിയതോടെ നന്നായി പഴുക്കാത്തതും കേടായതുമായ അടയ്ക്കയാണ് വില്‍ക്കുന്നവയില്‍ പലതും.