ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മലബാറിലെ ആദ്യ മുസ്ലിം വനിത പി.എം മറിയുമ്മ അന്തരിച്ചു

By: 600021 On: Aug 6, 2022, 3:37 PM

തലശേരി ടി.സി മുക്കിൽ പുതിയ മാളിയേക്കല്‍ തറവാട്ടിലെ പി.എം മറിയുമ്മ (99) അന്തരിച്ചു. മലബാറിലെ പുരാതന മുസ്ലിം കുടുംബങ്ങളില്‍ നിന്ന് ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ വനിതയാണ് മറിയുമ്മ. മുസ്ലിം സ്ത്രീകള്‍ വിദ്യാഭ്യാസരംഗത്ത് വളരെ പിന്നാക്കം നിന്നിരുന്ന 1938 ലാണ് കോണ്‍വന്റ് സ്‌കൂളില്‍ ചേര്‍ന്ന് അവർ ഇംഗ്ലീഷ് പഠിച്ചത്. തലശേരി സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റിലാണ് ഇന്നത്തെ പത്താക്ലാസിന് തുല്യമായ ഫിഫ്ത് ഫോറം വരെ മറിയുമ്മ പഠിച്ചത്.
പിന്നീട് സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സ്ത്രീകള്‍ക്ക് വേണ്ടിയുള്ള തയ്യല്‍ ക്ലാസുകള്‍, സാക്ഷരതാ ക്ലാസുകള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളില്‍ മറിയുമ്മ സജീവമായിരുന്നു. മറിയുമ്മയുടെ ഇംഗ്ലീഷിലുള്ള പ്രസംഗവും നേതൃപാടവവും ആകർഷകമായിരുന്നു. 
 
മറിയുമ്മയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. തലശേരിയുടെ ചരിത്രത്തോടൊപ്പം സ്വന്തം കാല്‍പ്പാടുകള്‍ പതിപ്പിച്ചു നടന്ന വ്യക്തിയെയാണ് നമുക്ക് നഷ്ടപ്പെട്ടത്. യാഥാസ്ഥിതികരുടെ വിലക്കുകള്‍ അവഗണിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി മറ്റുള്ളവര്‍ക്ക് വഴികാട്ടിയായിരുന്നു അവര്‍. സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയും അവരുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കു വേണ്ടിയും പ്രവര്‍ത്തിച്ചു. എന്നും പുരോഗമന മനസ് കാണിച്ച മാളിയേക്കല്‍ മറിയുമ്മ മതസാഹോദര്യത്തിന്റെ പ്രതീകമായി സ്വയം മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവരുടെ വേര്‍പാട് ഒരു നാടിനെയും പലതലമുറകളെയും ദുഃഖത്തിലാഴ്ത്തുന്നതാണ്. ആ ദുഃഖത്തിന്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.