
യു.എ.ഇ യില്‍ വി.പി.എന്‍ മാർഗനിർദേശങ്ങൾ ലംഘിച്ച് അശ്ലീല വീഡിയോകള്‍ കാണുകയും നിരോധിത വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുകയും ചെയ്യുന്നവർക്കെതിരെ നടപടി. ഇത്തരം കേസുകളിൽ പിടിക്കപ്പെട്ടാൽ കനത്ത പിഴയും തടവും ഉള്‍പ്പെടെ ശിക്ഷ ലഭിക്കും. ഗള്‍ഫ് മേഖലകളിൽ ഡേറ്റിങ്, ചൂതാട്ടം, അഡള്‍ട്ട് വെബ്‌സൈറ്റുകള്‍ എന്നിവയ്ക്കായും ഓഡിയോ-വീഡിയോ കോളിങ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനും വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്ക്(വി.പി.എന്‍) ഉപയോഗം വര്‍ധിച്ചു വരുന്നതായാണ് റിപ്പോർട്ടുകൾ.
യു.എ.ഇ സൈബര്‍ ലോ ആര്‍ട്ടിക്കിള്‍ 10 അനുസരിച്ച് ഇത്തരത്തിലുള്ള കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്ക് തടവുശിക്ഷയും 500,000 ദിര്‍ഹം മുതല്‍ 20 ലക്ഷം ദിര്‍ഹം വരെയുള്ള പിഴയുമാണ് കുറ്റകൃത്യത്തിന്റെ തീവ്രത അനുസരിച്ച് ശിക്ഷയായി നല്‍കുക. നോര്‍ഡ് സെക്യൂരിറ്റിയുടെ പുതിയ ഡാറ്റ പ്രകാരം ഈ വര്‍ഷം ആദ്യ പാദത്തില്‍ ഗള്‍ഫ് മേഖലയില്‍ വി.പി.എന്‍ ഉപയോഗം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 30 ശതമാനവും യു.എ.ഇ യില്‍ 36 ശതമാനവും വര്‍ധിച്ചിട്ടുണ്ട്. യു.എ.ഇ ഗവൺമെന്റിന്റെയും ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയുടെയും (ടി.ഡി.ആർ.എ) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് യുഎഇയിൽ വിപിഎൻ ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. എന്നാൽ വി.പി.എൻ ഉപയോഗിച്ച് അശ്ലീല വീഡിയോകള്‍ കാണുന്നത്, ചൂതാട്ട വെബ്സൈറ്റുകൾ സന്ദർശിക്കുന്നത് എന്നിവ നിയമവിരുദ്ധമാണ്.
2021ലെ സൈബര്‍ ക്രൈമുമായി ബന്ധപ്പെട്ട യു.എ.ഇ നിയമം 34 പ്രകാരം അനധികൃത കാര്യത്തിനോ കുറ്റകൃത്യങ്ങള്‍ക്കോ ആയി വി.പി.എന്‍ ഉപയോഗിക്കുന്നത് ഗൗരവകരമായ കുറ്റകൃത്യമാണ്. ഐ.പി അഡ്രസ് മറച്ചുവെച്ച് വി.പി.എന്‍ ഉപയോഗിക്കുകയും ഇതിലൂടെ യു.എ.ഇ സര്‍ക്കാര്‍ നിരോധിച്ച വെബ്‌സൈറ്റുകള്‍, കോളിങ് ആപ്ലിക്കേഷനുകള്‍, ഗെയിമിങ് ആപ്പുകള്‍ എന്നിവ ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്.