വേഗത്തിൽ കറങ്ങിയെത്തി ഭൂമി; ജൂൺ 29 ഇതുവരെയുള്ള ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ദിവസം

By: 600021 On: Aug 6, 2022, 3:14 PM

2022 ജൂൺ 29 ന് 24 മണിക്കൂർ കഴിയുന്നതിനുള്ളിൽ ഭൂമി ഭ്രമണം പൂർത്തിയാക്കി. 24 മണിക്കൂറിൽ നിന്ന് 1.59 മില്ലി സെക്കൻഡ് കുറച്ചു സമയമെടുത്താണ് അന്ന് ഭൂമി കറക്കം പൂർത്തിയാക്കിയത്. അതോടെ ഇതുവരെയുള്ളതിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞദിവസമായി ജൂൺ 29 മാറുകയും ചെയ്തു.
 
ഭൂമിയുടെ ഭ്രമണവേഗവുമായി ബന്ധപ്പെട്ട സൂക്ഷ്മമായ വിവരങ്ങൾ രേഖപ്പെടുത്തുന്ന അറ്റോമിക് ക്ലോക്കാണ് ഭൂമിയുടെ സഞ്ചാരവേഗത്തിലുണ്ടായ വ്യത്യാസം കണ്ടെത്തിയത്. 1960-ന് ശേഷം 2020 ജൂലൈ 19-നാണ് ഇതിനു മുൻപ് ഭൂമി കുറഞ്ഞ സമയംകൊണ്ട് കറങ്ങിവന്നതെന്ന് അന്തർദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അന്ന് 24 മണിക്കൂർ പൂർത്തിയാകാൻ 1.47 മില്ലി സെക്കൻഡ് കൂടിയുള്ളപ്പോൾ തന്നെ ഭൂമി ഭ്രമണം പൂർത്തിയാക്കിയിരുന്നു.
 
ഭൂമിയുടെ ഭ്രമണ വേഗത വ്യത്യാസപ്പെടുന്നതിന് പിന്നിലെ കാരണം എന്തെന്നത് അജ്ഞാതമാണ്. ഭൂമിയുടെ ഇന്നർ കോറിലെയും ഔട്ടർ കോറിലെയും പ്രവർത്തനങ്ങൾ, സമുദ്രങ്ങൾ, തിരകൾ, കാലാവസ്ഥാ വ്യതിയാനങ്ങൾ തുടങ്ങിയവമൂലം ഇങ്ങനെ സംഭവിക്കാമെന്നാണ് ശാസ്ത്രജ്ഞൻമാർ പറയുന്നത്.