ബീ.സി യിൽ ഡോക്ടർമാരുടെ ക്ഷാമം; മരുന്നുകൾ നിർദേശിക്കാൻ അനുവദിക്കണമെന്ന് ഫാർമസിസ്റ്റുകൾ

By: 600021 On: Aug 6, 2022, 3:08 PM

ബീ.സിയിലെ ഡോക്ടർമാരുടെ ക്ഷാമം ദശലക്ഷക്കണക്കിന് താമസക്കാരെ ബാധിക്കുന്നതിനാൽ ചെറിയ രോഗങ്ങൾക്ക് മരുന്ന് നിർദ്ദേശിക്കാനുള്ള അനുവാദം ഗവണ്മെന്റ് നൽകണമെന്ന് ഫാർമസിസ്റ്റുകൾ ആവശ്യപ്പെട്ടു. അനുമതി ലഭിച്ചാൽ ആളുകൾക്ക് ഡോക്ടറെ കാണുന്നതിനുള്ള നീണ്ട കാത്തിരിപ്പ് സമയം കുറയ്ക്കാനാവുമെന്ന് ഫാർമസിസ്റ്റുകൾ പറയുന്നു. ആൽബെർട്ടയിൽ, ജലദോഷം, യൂറിനറി ഇൻഫെക്ഷൻ പോലെയുള്ള രോഗങ്ങൾക്ക്  മരുന്നുകൾ നിർദ്ദേശിക്കാൻ ഫാർമസിസ്റ്റുകൾക്ക് ഇതിനകം അനുമതി നൽകിയിട്ടുണ്ട്. ഒന്റാരിയോയിലും സമാനമായ സംവിധാനം വരാനിരിക്കുകയാണ്.
 
നിലവിൽ ബീ. സിയിലെ ഫാർമസിസ്റ്റുകൾക്ക് മരുന്ന് നിർദ്ദേശിക്കാൻ അനുവാദമില്ല. എന്നിരുന്നാലും ഒരു പ്രിസ്ക്രിപ്ക്ഷൻ ഏകദേശം ആറ് മാസത്തേക്ക് നീണ്ടുനിൽക്കുന്നതിനാൽ കാലഹരണപ്പെടുന്നതിന് മുമ്പ് അവർക്ക്  പുതുക്കി നൽകാൻ കഴിയും. മിക്ക പ്രിസ്ക്രിപ്ക്ഷനുകളും സാധാരണയായി ഒരു വർഷത്തിന് ശേഷം കാലഹരണപ്പെടും. അതിനുശേഷം ഡോക്ടക്ക് മാത്രമേ പുതുക്കി നൽകാൻ കഴിയൂ. എന്നാൽ അടിയന്തിര സാഹചര്യങ്ങളിൽ ഫാർമസിസ്റ്റുകൾക്ക് പരിമിതമായ അളവിൽ നിർദ്ദേശിച്ച മരുന്നുകൾ വാഗ്ദാനം ചെയ്യാൻ കഴിയും.
 
അതേസമയം ഫാർമസിസ്റ്റുകളുടെ ഉത്തരവാദിത്തങ്ങൾ വിപുലീകരിക്കുന്നതിനുപകരം നിലവിൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഒപ്റ്റിമൈസ് ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ബീ. സി ആരോഗ്യമന്ത്രാലയം അറിയിച്ചു.